Skip to main content

കുന്നംകുളം നഗരത്തില്‍ സി സി ടി വി ക്യാമറ: ഉദ്ഘാടനം ഇന്ന് (ജനുവരി 18)

കുന്നംകുളം നഗരസഭയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തെരുവുകളിലും ബസ് സ്റ്റാന്റിലും സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് നഗരസഭ ലക്ഷ്യമിടുന്നത്. വിവിധയിടങ്ങളില്‍ 15 ലക്ഷം രൂപ ചെലവില്‍ 18 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിലും കുന്നംകുളം പോലീസ് സ്റ്റേഷനിലും നിരീക്ഷണത്തിനായി റൂം സജ്ജമാക്കിയിട്ടുണ്ട്. 

മുനിസിപ്പല്‍ ജങ്ഷന്‍, ഹെര്‍ബര്‍ട്ട് റോഡ് ജങ്ഷന്‍, ടി ടി ദേവസി ജങ്ഷന്‍, തുറക്കുളം മാര്‍ക്കറ്റ്, വിക്ടറി, പഴയ ബസ് സ്റ്റാന്റ്, ടി കെ കൃഷ്ണന്‍ റോഡ്, മധുരക്കുളം, ജവഹര്‍ തിയേറ്റര്‍, കാണിപ്പയ്യൂര്‍, വൈശ്ശേരി, ആനായ്ക്കല്‍ ജംങ്ഷന്‍, പനങ്ങാടി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ രണ്ടും മൂന്നും ക്യാമറകള്‍ വരെയുണ്ട്. പാലക്കാട് ഭഗവതി അസോസിയേറ്റ്‌സാണ് ക്യാമറകളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടുള്ളത്. കുന്നംകുളത്തെ സിസി ടിവിയിലൂടെയാണ് നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 18) രാവിലെ 11 ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ സി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിക്കും. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയാവും. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, എ സി പി സി.ആര്‍ സന്തോഷ്, എസ് എച്ച് ഒ യു.കെ ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date