Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത്: ദാമ്പത്യതര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് കമ്മിഷന്‍ ശ്രമിക്കുന്നത്: അഡ്വ. പി. സതീദേവി

ദാമ്പത്യതര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
ദാമ്പത്യതര്‍ക്കങ്ങളില്‍ വാശി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബന്ധം ശിഥിലമായാല്‍ പരസ്പരം ഉപദ്രവിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമായി കാണുന്നുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചവരുടെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചുകൊടുക്കാത്തത് പോലുള്ള പ്രശ്‌നങ്ങളടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുമ്പോള്‍ പങ്കാളിയെ ഉപദ്രവിക്കുന്നതിനായി തെറ്റായ കൃത്യങ്ങള്‍ ചെയ്യുന്നതിനെ കമ്മിഷന്‍ അതീവഗൗരവമായാണ് കാണുന്നത്. ദാമ്പത്യബന്ധങ്ങളിലെ പ്രശ്നങ്ങളില്‍ ഇരുകക്ഷികളുടെയും സഹകരണത്തോടെ രമ്യതയില്‍ തീര്‍പ്പാക്കാനാണ് ശ്രമം. ആദിവാസി മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
66 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 22 പരാതികള്‍ തീര്‍പ്പാക്കി. ആറെണ്ണം പൊലീസിന്റെയും ജാഗ്രതാ സമിതിയുടെയും റിപ്പോര്‍ട്ടിനായി നല്‍കി. ദാമ്പത്യപ്രശ്നങ്ങള്‍ മൂലമുണ്ടായ രണ്ട് പരാതികളിലെ ദമ്പതിമാരെ കൗണ്‍സലിങ്ങിനായി സഖീ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചു. ബാക്കി 36 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
ഗാര്‍ഹിക പ്രശ്നങ്ങള്‍, ഭാര്യാഭര്‍തൃ തര്‍ക്കം, ദാമ്പത്യപ്രശ്‌നങ്ങളില്‍ കുടുംബങ്ങള്‍ ഇടപെട്ടത് മൂലമുള്ള സംഘര്‍ഷം,
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പലിശയ്ക്ക് പണം നല്‍കി സ്ത്രീകളെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ ചൂഷണം ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, എലിസബത്ത് മാമന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വി. ആര്‍ മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ മായാ രാജേഷ്, കവിത രാജന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

date