Skip to main content
കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജിൽ എത്തിയ വിനോദ സഞ്ചാരികൾ

വമ്പൻ ഹിറ്റായി കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ്: ഇതുവരെ എത്തിയത് 35000 *സഞ്ചാരികൾ

 

വരുമാനം 42 ലക്ഷം രൂപ

രണ്ടു മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്നു കൊടുത്ത കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വൻ വിജയത്തിലേക്ക്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നുമായി ഇതു വരെ 35000 സഞ്ചാരികളാണ് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ എത്തിയത്. 42 ലക്ഷം രൂപയാണ് വരുമാന ഇനത്തിൽ ഇതു വരെ ലഭിച്ചത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 100 മീറ്റര്‍ നീളവും 3 മീറ്റർ വീതിയുമുള്ള പാലം  ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 

തിരമാലയുടെ ഓളത്തിനൊപ്പം നമുക്കും നടക്കുവാന്‍ സാധിക്കും എന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ പ്രധാന ആകര്‍ഷണം. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. 

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ്മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

date