Skip to main content

ദേശീയ യുവോത്സവ വിജയികൾക്ക് സ്വീകരണം നൽകി

 

ദേശീയ  യുവോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ സംഘടിപ്പിച്ച 27 ാമത് ദേശീയ യുവോത്സവത്തിൽ കേരളത്തിൽ നിന്ന് 66 അംഗ സംഘമാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 5000 ഓളം പ്രതിഭകളാണ് എട്ട്  ഇനങ്ങളിലായി മത്സരിച്ചത്. ദേശീയ തലത്തിൽ നാടോടിപ്പാട്ട് ഗ്രൂപ്പിനത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ടീം ഒന്നാം സ്ഥാനവും,  നാടോടിനൃത്തം ഗ്രൂപ്പ് ഇനത്തിൽ കുന്നമംഗലം ബ്ലോക്ക് ടീം രണ്ടാം സ്ഥാനവും, കഥാരചനയിൽ നവ്യ എൻ (കാസർകോട്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

25 പോയിന്റുമായി മഹാരാഷ്ട്ര ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ 24 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനവും, 21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗങ്ങളായ പി എം ഷബീറലി, ശരീഫ് പാലോളി, എസ് ദീപു, സന്തോഷ് കാല, മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു എന്നിവരാണ് ടീമിനെ നയിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഖ ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പ്രിത്തിയിൽ, യൂത്ത് കോർഡിനേറ്റർമാരായ എം സിനാൻ ഉമ്മർ, അമർ ജിത്ത് പി.ടി എന്നിവർ നേതൃത്വം കൊടുത്തു.

date