Skip to main content

ജലസംരക്ഷണം; ജില്ലയില്‍ മാപ്പിംഗ് പൂര്‍ത്തിയായി: 1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മാപ്പിംഗ് പൂര്‍ത്തിയായി.  1271 നീര്‍ച്ചാലുകളാണ് മാപ്പത്തോണില്‍ കണ്ടെത്തി അടയാളപ്പെടുത്തിയത്. കബനിക്കായ് വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനുകളിലൂടെയാണ് നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തിയത്. പരിശീലനം ലഭിച്ച നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും ഇന്റേണ്‍സിന്റേയും നേതൃത്വത്തിലാണ് 26 തദ്ദേശ സ്ഥാപനങ്ങളിലെയും മാപ്പിംഗ് പൂര്‍ത്തീകരിച്ചത്.  
ആദ്യഘട്ടത്തില്‍  വൈത്തിരി, പൊഴുതന, കോട്ടത്തറ, വെങ്ങപ്പളളി, തരിയോട്, പടിഞ്ഞാറത്തറ, എടവക, തിരുനെല്ലി, തൊണ്ടര്‍നാട്, വെളളമുണ്ട, മാനന്തവാടി നഗരസഭ, പുല്‍പ്പളളി, മുളളന്‍കൊല്ലി, പനമരം, തവിഞ്ഞാല്‍ എന്നീ 15 തദ്ദേശ സ്ഥാപനങ്ങളില്‍ മാപ്പത്തോണ്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട പ്രദേശങ്ങളുമായി ബന്ധപ്പെട്ട 9 ജില്ലകളില്‍  നടത്തുന്ന  സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ക്യാമ്പയിനില്‍ ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരുന്നു. സുരക്ഷിതമാക്കാം പശ്ചിമഘട്ടം,  കബനിക്കായ് വയനാട് എന്നീ രണ്ട് ക്യാമ്പയിനുകളും ഒരുമിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാപ്പത്തോണ്‍ വ്യാപിപ്പിച്ചു. മാപ്പത്തോണിന്റെ രണ്ടാംഘട്ടത്തില്‍  ഓരോ തദ്ദേശ സ്ഥാപനത്തിലും നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ മാപ്പത്തോണ്‍ അവതരണം നടത്തും. വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളില്‍ അവതരണം പൂര്‍ത്തിയായി.  

നീര്‍ച്ചാലുകള്‍ സംരക്ഷിക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ വകുപ്പുകള്‍, എന്നിവയുടെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തിയ നീര്‍ച്ചാലുകളുടെ തുടര്‍ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ക്യാമ്പയിനുകളുടെ പ്രധാന ലക്ഷ്യം. മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  ജലസംരക്ഷണ മേഖലയില്‍  കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവും നടത്താന്‍ മാപ്പത്തോണിലൂടെ സാധിക്കും. കൂടാതെ സ്ഥിരതയുളളതും കൃത്യതയുളളതുമായ ഒരു  ഡിജിറ്റല്‍  ഡോക്യൂമെന്റും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.

ഡിജിറ്റല്‍ മാപ്പിംഗ്

ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാപ്പത്തോണില്‍ ഡിജിറ്റല്‍ മാപ്പിംഗാണ് ഉപയോഗിച്ചത്. സംസ്ഥാന ഐ.ടി മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ മാപ്പിംഗ് പൂര്‍ത്തീകരിച്ചത്. നീര്‍ച്ചാല്‍ ശൃംഖല കണ്ടെത്തി വീണ്ടെടുക്കുന്നതിന് ഒരു രീതി ശാസ്ത്രം ഹരിത കേരളം മിഷനും ഐ.ടി മിഷനും ചേര്‍ന്ന് വികസിപ്പിച്ചു. അടഞ്ഞുപോയതും നശിച്ചുപോയതുമായ നീര്‍ച്ചാലുകളെ നേരിട്ട് കണ്ടെത്തി ഭൂപടത്തില്‍  അടയാളപ്പെടുത്തുകയാണ് ആദ്യപടി. ഇത്തരത്തില്‍  കണ്ടെത്തുന്ന നീര്‍ച്ചാലുകളെ ഡിജിറ്റലായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു എന്നതാണ്  മാപ്പത്തോണിന്റെ പ്രധാന നേട്ടം. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നീര്‍ച്ചാലുകളുടെ ഓരത്തുകൂടി നടന്ന് നിലവിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടാണ് മാപ്പിംഗ് ചെയ്തത്. ഇത്തരത്തില്‍ ട്രെയിസ് എടുത്ത നീര്‍ച്ചാലുകളെ പിന്നീട് ആംചെയര്‍ മാപ്പിംഗ് എന്ന പ്രക്രിയയിലൂടെ ഡിജിറ്റലായി വരച്ച് നീര്‍ച്ചാലിന്റെ പേരും നിലവിലെ സ്ഥിതിയും അടയാളപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാനതോടുകളും നീര്‍ച്ചാലുകളും സ്ഥിതി ചെയ്യുന്ന ക്യു.ജി.ഐ.എസ് എന്ന റൂട്ട് മാപ്പ് ഓരോ പ്രദേശത്തേയും നീര്‍ച്ചാലുകളിലേക്ക് എത്താന്‍ സഹായിച്ചു.

മാപ്പത്തോണില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും

കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുള്ള മാപ്പേത്തോണില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും. മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജ്, മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ്, ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവടങ്ങളിലെ 65 വിദ്യാര്‍ത്ഥികളാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്. മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിശദീകരണ സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു. നവ കേരളം കര്‍മ്മ പദ്ധതി ആര്‍ പി മാര്‍ മാപ്പത്തോണ്‍ ട്രെയിസിങ്, ആം ചെയര്‍ മാപ്പിങ് എന്നിവയില്‍ പ്രത്യേക ഫീല്‍ഡ്തല പരിശീലനവും നല്‍കിയിരുന്നു. അതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡില്‍ ഇറങ്ങിയത്.

26 തദ്ദേശ സ്ഥാപനങ്ങളില്‍ 1271 നീര്‍ച്ചാലുകള്‍

ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലായി 1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി. വൈത്തിരി 47, പൊഴുതന 35,കോട്ടത്തറ 37, വെങ്ങപ്പളളി 26, തരിയോട് 31, പടിഞ്ഞാറത്തറ 50, പനമരം 66, വെളളമുണ്ട 85, എടവക 62, മാനന്തവാടി നഗരസഭ 80, തിരുനെല്ലി 30, പുല്‍പ്പളളി 58, തവിഞ്ഞാല്‍ 80, നെന്മേനി 60, മീനങ്ങാടി 60, തൊണ്ടര്‍നാട് 46, പൂതാടി 56, നൂല്‍പ്പുഴ 40, അമ്പലവയല്‍ 40, കണിയാമ്പറ്റ 37, കല്‍പ്പറ്റ നഗരസഭ 23, മുട്ടില്‍ 31, ബത്തേരി നഗരസഭ 31, മുളളന്‍കൊല്ലി 49, മൂപ്പൈനാട് മേപ്പാടി 65 നീര്‍ച്ചാലുകളാണ് മാപ്പത്തോണിലൂടെ അടയാളപ്പെടുത്തിയത്.

date