Skip to main content

അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: ചീഫ് സെക്രട്ടറി അട്ടപ്പാടി പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു

അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അട്ടപ്പാടിയിലെ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ ആരോഗ്യത്തിലും പോഷകാഹാരം ഉറപ്പുവരുത്തുന്നതിലും പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രസവശൂശ്രൂഷക്കും ഉള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ശിശുക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം.
ജനനം മുതല്‍ തന്നെ ഓരോ വ്യക്തിക്കുമുള്ള പദ്ധതികള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണം. പ്രസവം, ജനനം, ആരോഗ്യം, പോഷകനിലവാരം, രോഗങ്ങള്‍, മരണനിരക്ക് തുടങ്ങി എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ച് കൃത്യമായി സൂക്ഷിക്കണം. ഇവ കൃത്യമായ ഇടവേളകളില്‍ പഠനവിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ഉന്നത തലത്തില്‍ അറിയിക്കേണ്ടവ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇതിനെല്ലാം ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു.
ആദിവാസി ഭൂമി സംബന്ധിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അതിര്‍ത്തി, ഭൂമിയുടെ തരം എന്നിവ സംബന്ധിച്ച രേഖകള്‍ കൃത്യമായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി സര്‍വ്വേ നടത്തണം. വനഭൂമിയിലും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലും ഡിജിറ്റല്‍ സര്‍വേയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ആദിവാസി ഭൂമി കൈയ്യേറുകയോ അന്യാധീനപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി. ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date