Skip to main content

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ജില്ലയില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് തെരഞ്ഞെടുത്ത അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ ബ്ലോക്കുകളിലെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യം, പോഷകാഹാര ലഭ്യത, കൃഷി, ശുചിത്വം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാമില്‍ പ്രാധാന്യം നല്‍കും.
മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം. രാജ്യത്തെ 329 ജില്ലകളിലായി 500 ബ്ലോക്കുകളെയാണ് പദ്ധതിക്കായി തെരഞ്ഞടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും നാല് ജില്ലകളിലായി ഒന്‍പത് ബ്ലോക്കുകള്‍ എ.ബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി. ആര്‍. മേഘശ്രീ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എ.എസ്.പി. രാജേഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ര്‌ടേറ്റ് കെ. മണികണ്ഠന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date