Skip to main content

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ജനകീയ പുഴയോരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജനകീയ പുഴയോരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹരിത കേരളം മിഷന്‍ ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള വിവിധോദ്ദേശ പദ്ധതിയാണ് ഭാരതപ്പുഴ പുനരുജ്ജീവനം. ഭാരതപ്പുഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത വര്‍ധിപ്പിക്കുകയും അതുവഴി ജില്ലയിലെ കാര്‍ഷിക-കുടിവെള്ള മേഖലയില്‍ വികസനവും ജലസുരക്ഷയും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പച്ചത്തുരുത്തുകളുടെ നിര്‍മാണവും സംരക്ഷണവും ജലസ്രോതസുകളുടെ നിര്‍മാണവും പുനരുജ്ജീവനവും സംരക്ഷണവും എല്ലാ ജലസ്രോതസുകളെയും മാലിന്യരഹിത ജലാശയങ്ങളാക്കി മാറ്റുന്നതും ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ജലാശയങ്ങളെയും മാലിന്യമുക്തമാക്കുന്നതിനുള്ള ബൃഹത്തായ ജനകീയ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നദികളുടെയും പുഴയോരങ്ങള്‍ ജനകീയമായി ശുചീകരിക്കുകയും പുഴയോരങ്ങള്‍ ഹരിതതീരങ്ങളാക്കി മാറ്റുകയും ചെയ്യും. ഇതോടൊപ്പം പുഴയോരങ്ങളിലെ മാലിന്യസംസ്‌കരണം ഏകോപിതവും സുസ്ഥിരവുമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കര്‍മ്മ സേനയെ ശാക്തീകരിച്ച് 100 ശതമാനം മാലിന്യശേഖരണം ഉറപ്പുവരുത്തുക, എല്ലാ വാര്‍ഡുകളിലും മതിയായ മിനി എം.സി.എഫുകള്‍ നിര്‍മിക്കുക, മിനി എം.സി.എഫുകളില്‍നിന്നും എം.സി.എഫുകളിലേക്കും എം.സി.എഫുകളില്‍നിന്ന് നിര്‍ദേശിക്കപ്പെട്ട രീതിയില്‍ മാലിന്യനീക്കം ഉറപ്പാക്കുക, എല്ലാ വാര്‍ഡുകളിലും ഗാര്‍ഹിക സ്ഥാപനതലങ്ങളില്‍ ജൈവമാലിന്യ സംവിധാനങ്ങള്‍ വ്യാപകമാക്കുക, ശുചീകരിക്കപ്പെട്ട പുഴയോരം സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കുക എന്നീ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല-ഡിവിഷന്‍തല-തദ്ദേശതല സംഘാടക സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കോര്‍ കമ്മിറ്റിയാണ് മഹാശുചീ കരണ യജ്ഞത്തിന് നിര്‍ദേശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. നവകേരളം കര്‍മ്മ പദ്ധതി-ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി പ്രവര്‍ത്തന പുരോഗതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, കോര്‍ കമ്മിറ്റി അംഗങ്ങളായ വൈ. കല്യാണകൃഷ്ണന്‍, പ്രൊഫ. ബി.എം. മുസ്തഫ, സി. നാരായണന്‍കുട്ടി, പി.ഡി. സിന്ധു. അലീന, സുമന്‍ചന്ദ്രന്‍, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് പ്രതിനിധികള്‍, മറ്റ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date