Skip to main content

പുന്നയൂര്‍ക്കുളം സാംസ്‌കാരിക നിലയം ഇന്ന് (ജനുവരി 21 ന്) മന്ത്രി നാടിന് സമര്‍പ്പിക്കും

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് ഗ്യാലറിയോട്കൂടിയ സാംസാരിക നിലയം ഇന്ന് (ജനുവരി 21 ന്) വൈകീട്ട് 4 മണിക്ക് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും. എന്‍.കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ വിശിഷ്ടാതിഥിയാവും. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

1.43 കോടി രൂപ റര്‍ബ്ബണ്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സാംസാരിക സമുച്ചയവും ഒപ്പം ആര്‍ട്ട് ഗ്യാലറിയും  യാഥാര്‍ത്ഥ്യമാക്കുന്നത്. സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായാണ് അണ്ടത്തോട് 18-ാം വാര്‍ഡില്‍ സാംസ്‌കാരിക നിലയം സജ്ജീകരിച്ചിട്ടുള്ളത്. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വി.പി മാമ്മുവിന്റെ സ്മരണാര്‍ത്ഥമാണ് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചത്. 

19 വര്‍ഷം മുമ്പാണ് സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നീട് പല സാങ്കേതിക കാരണങ്ങളാലും ഫണ്ടിന്റെ അപര്യാപ്തത കൊണ്ടും കെട്ടിടത്തിന്റെ പണി മന്ദഗതിയിലായി. പ്രളയവും കോവിഡും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തുടര്‍ന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നിലയം എത്രയും പെട്ടന്ന് തുറന്ന് കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് മൂന്ന് പദ്ധതികളിലായി 45 ലക്ഷം രൂപ ഇന്റീരിയര്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു. 

300 ഓളം പേര്‍ക്ക് പങ്കെടുക്കാവുന്ന വിവാഹ മണ്ഡപത്തിനുള്ള സൗകര്യവും സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന ആര്‍ട്ട് ഗ്യാലറി ചിത്ര പ്രദര്‍ശനത്തോടൊപ്പം വിനോദ സഞ്ചാരികള്‍ക്കായി കേരളീയ കലാരൂപങ്ങള്‍ അരങ്ങേറുന്നതിനും ഉപയോഗപ്രദമാണ്. മനോഹരമായ ഇരുനില കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

date