Skip to main content
പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി

പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി

ദേശീയ പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീ കേരളവര്‍മ്മ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് പാലിയേറ്റീവ് പരിചരണ ജില്ലാതല പരിപാടിയും കലാലയതല പാലിയേറ്റീവ് ക്ലബ് ഉദ്ഘാടനവും നടത്തി. കോര്‍പ്പറേഷന്‍ 52-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

 ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജികുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എന്‍.എ ഷീജ കലാലയതല പാലിയേറ്റീവ് ക്ലബ് രൂപീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

 പാലിയേറ്റീവ് ക്ലബ് ഉദ്ഘാടനത്തിന്റെ ഭാഗമായി കോളേജിലേക്ക് 'പാലിയേറ്റീവ് കെയര്‍ - ഞാനുമുണ്ട് പരിചരണത്തിന്' എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ബോധവല്‍ക്കരണ ബോര്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. പാലിയേറ്റീവ് പരിചരണം ഒരു ആമുഖം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. ഇ. ദിവാകരന്‍ ക്ലാസിന് നേതൃത്വം നല്‍കി.

കേരളവര്‍മ്മ കോളേജ് പി.എസ്.എന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.എ നാരായണമേനോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ്‌കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി അനൂപ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ശ്യാം എസ്. നായര്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ പി. സോണിയ ജോണി, റജീന രാമകൃഷ്ണന്‍, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ഡാനി പ്രിയന്‍, പാലിയേറ്റീവ് ട്രൈനിങ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ഷ ലോഹിത്, സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം പാലിയേറ്റീവ് പരിചരണത്തെ ആസ്പദമാക്കി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഘു നാടകവും അവതരിപ്പിച്ചു. കേരളവര്‍മ്മ കോളേജിലേയും സെന്റ് അലോഷ്യസ് കോളേജിലെയും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

date