Skip to main content

അഞ്ചുകോടി രൂപ മുടക്കി വൈക്കം മണ്ഡലത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം ഇന്ന്

കോട്ടയം: വൈക്കം നിയോജകമണ്ഡലത്തിലുൾപ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ-5 എന്നീ പാടശേഖരങ്ങളിൽ അഞ്ചുകോടി രൂപ മുടക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ജനുവരി 21). ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തലയാഴം വാഴക്കാട് ഭഗത്സിംഗ് കലാവേദിയിൽ നടക്കുന്ന പരിപാടിയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
 പമ്പ് ഹൗസ് നിർമ്മാണം, സ്ലൂയിസ് നിർമ്മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കൽക്കെട്ട് ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമ്മാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമ്മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിയ്ക്കുന്നത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യവികസനപദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.
 പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാവുകയും നിലവിലെ നെൽകൃഷിയിൽ  നിന്ന് ലഭ്യമാകുന്ന ഉത്പ്പാദനം ഇരട്ടിയാക്കാനുമാകും. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനാവും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരം ലഭ്യമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാവും.
 ചടങ്ങിൽ തോമസ് ചാഴികാടൻ എം. പി മുഖ്യപ്രഭാഷണം നടത്തും. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി. കെ. രാജ്‌മോഹൻ പദ്ധതി വിശദീകരിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി,  ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രമേശ് പി. ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ ബൈജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പി. ശോഭ,  പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ  ടി.സുമേഷ്‌കുമാർ,  വൈക്കം അസിസ്റ്റന്റ് ഡയറക്ടർ സി. കെ. സിമ്മി, തലയാഴം കൃഷി ഓഫീസർ ആർ.എം. ചൈതന്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാധാകൃഷ്ണൻ നായർ, വി. പോപ്പി, കെ.എ. കാസ്‌ട്രോ, ബിജു പറപ്പള്ളി, സേവ്യർ കുന്നംപറമ്പിൽ, തോട്ടകം എസ്.സി.ബി പ്രസിഡന്റ് എം. ഡി. ബാബുരാജ്, കരിനില വികസന ഏജൻസി വൈസ് ചെയർമാൻ ഇ. എൻ. ദാസപ്പൻ, സി.കെ.എൻ. പാടശേഖരം സെക്രട്ടറി പി. കെ.സതീശൻ, കളപ്പുരയ്ക്കൽ കരി പാടശേഖരം സെക്രട്ടറി പി. ജി. ബേബി, മുണ്ടാർ - 5 പാടശേഖരം സെക്രട്ടറി ശശി മുരുകൻതറ എന്നിവർ  പങ്കെടുക്കും. നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനവും നടക്കും.  

 

date