Skip to main content

ജില്ല പൊതുജനാരോഗ്യ ലബോറട്ടറിയിൽ   എലിപ്പനി, ഡെങ്കിപ്പനി ഉൾപ്പടെയുള്ള വിപുലമായ പരിശോധനാ സൗകര്യം -കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനം

 ആലപ്പുഴ:  ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ  വിപുലമായ പരിശോധനാ സൗകര്യങ്ങൾ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടും വിധമാക്കാൻ ജില്ല പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ആദ്യ മാനേജ്മെന്റ് കമ്മറ്റിയോഗം തീരുമാനിച്ചു. കമ്മറ്റിയുടെ ചെയർമാൻ ജില്ല കളക്ടർ ജോൺ വി.സാമുവൽ ചെയർമാനായ സമിതിയാണ് കളക്ട്രേറ്റിൽ യോഗം ചേർന്നത്. വൈസ് ചെയർമാൻ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗ്ഗീസ്, മറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.   
സാംക്രമികരോഗങ്ങൾ ആയ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി എന്നിവയുടെ പരിശോധന  
മിതമായ നിരക്കിൽ ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. ഇവയ്ക്കുപുറമേ ആൻറി മൈക്രോബിയൽ റസിസ്റ്റൻസ് കണ്ടുപിടിക്കുന്നതിനുള്ള വിവിധയിനം കൾച്ചറുകൾ ചെയ്യുന്നതിനുള്ള സൗകര്യം,  വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളും ക്ഷയ രോഗനിർണയത്തിനുള്ള രക്ത പരിശോധനകളും ഇവിടെ നടത്തുന്നു.
 മലേറിയയുടെ  പരിശോധന സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 

ബ്ലഡ്  സ്മിയർ സ്റ്റഡി,  ക്യാൻസർ നിർണയിക്കുന്നതിനുള്ള ഫൈൻ നീഡിൽ ബയോപ്സി 
പരിശോധനകളും വിവിധ ബയോകെമിസ്ട്രി ടെസ്റ്റുകളും ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. സർക്കാർ ഡോക്ടർമാർ നൽകുന്ന ചീട്ടുമായി രോഗികൾക്ക് നേരിട്ടും ലാബിന്റെ സേവനം തേടാവുന്നതാണ്. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് യോഗ്യതയുള്ളവരെ പരിശീലന പരിപാടിയുടെ ഭാഗമായി  നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.

date