Skip to main content

കലയുടെ തില്ലാന പാടി ബഡ്‌സ് കലോത്സവം

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനുമപ്പുറം എതിര്‍ ടീമിന് വേണ്ടിയും മനസ്സ് തുറന്ന കരഘോഷങ്ങള്‍. സദസ്സിനെ വിസ്മയിപ്പിച്ച പ്രകടനങ്ങള്‍. പരിമിതികളെ മറന്ന് സര്‍ഗ്ഗാത്മകതയെ സാധ്യതകളാക്കി അവര്‍ ആടിത്തിമര്‍ത്തു. കലയുടെ ഉത്സവമേളത്തില്‍ വേദനകള്‍ മാറിനിന്നു. സകലകലകളുടെ തില്ലാന പാടി തലശ്ശേരി ബ്രണ്ണന്‍ കോളേജ് അങ്കണവും. ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന അഞ്ചാമത് സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ 400 ഓളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. മട്ടന്നൂര്‍ പഴശ്ശിരാജ സ്മാരക ബഡ്സ് സ്‌കൂളിലെ ബാന്‍ഡ് ട്രൂപ്പിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയായ സൂര്യകാന്തിയിലേക്ക് മന്ത്രി എം ബി രാജേഷിനെ സ്വീകരിച്ചത്. കുടുംബശ്രീ മുദ്രാ ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.
ആദ്യ ദിനത്തില്‍ നാലു വേദികളിലായി 14 ഇനങ്ങളാണ് നടന്നത്. ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി ഒന്ന് സൂര്യകാന്തിയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നാടോടിനൃത്തവും ഒപ്പനയും അരങ്ങേറി. ശതോത്തരി ഹാളില്‍ ഒരുക്കിയ രണ്ടാം വേദി ചെമ്പകത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ മിമിക്രി, സീനിയര്‍ ആണ്‍കുട്ടികളുടെ നാടോടി നൃത്തം, പ്രച്ഛന്ന വേഷം എന്നിവയും നടന്നു. ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ മൂന്നാം വേദിയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ലളിതഗാനവും നാടന്‍പാട്ടുമാണ് നടന്നത്. പെന്‍സില്‍ ഡ്രോയിംഗ്, ക്രയോണ്‍, എംബോസ് പെയിന്റിംഗ് എന്നിവ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ ഒരുക്കിയ വേദി നാല് മുല്ലയിലാണ് സംഘടിപ്പിച്ചത്.
രണ്ടാം ദിനം (ജനുവരി 21)വേദി ഒന്നില്‍ രാവിലെ സീനിയര്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തവും ഉച്ച മുതല്‍ സംഘനൃത്തവും നടക്കും. വേദി രണ്ടില്‍ രാവിലെ ചെണ്ടയും ഉച്ച മുതല്‍ കീബോര്‍ഡ് മത്സരവുമാണ് നടക്കുക. മത്സരിച്ച എല്ലാവര്‍ക്കും സമ്മാനം നല്‍കും.
കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള തീം സ്റ്റാളും തില്ലാനയില്‍ ഒരുക്കിയിട്ടുണ്ട്.

date