Skip to main content
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റം മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് അന്തസായി ജീവിക്കാനുള്ള സൗകര്യമൊരുക്കുക ലക്ഷ്യം: മന്ത്രി എം ബി രാജേഷ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ 16 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറി

കേരളത്തിലെ ജനങ്ങള്‍ക്ക് അന്തസായി ജീവിക്കാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്  പറഞ്ഞു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ 16 വീടുകളുടെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അന്തസ്സിന് ഇടിവുണ്ടാകാതിരിക്കാനാണ് വീടിന്റെ പുറത്ത് തുക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ വാഗ്വാദത്തിലാണ്. ഏത് വിധേനയും ജനങ്ങളുടെ അഭിമാനം സംരക്ഷിക്കും. അതിനായി നിയമപരമായും തെരുവിലിറങ്ങിയുമെല്ലാം പ്രതിഷേധിക്കും. ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ 3.70 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അടുത്ത് തന്നെ വലിയൊരു പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആകെ 34 വീടുകളാണ് പഞ്ചായത്തില്‍ ലൈഫിലൂടെ നിര്‍മിച്ചു നല്‍കുന്നത്. 1.30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇതില്‍ 25 എണ്ണം പൂര്‍ത്തിയാക്കി. 32.50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ ദാനം നേരത്തെ നടത്തി. ഇപ്പോള്‍ നിര്‍മിച്ചു നല്‍കിയ 16 വീടുകള്‍ക്കായി 52 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പ്രസന്ന, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രന്‍ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സജേഷ്, അംഗങ്ങളായ പി എം മോഹനന്‍ മാസ്റ്റര്‍, എം രമേശന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം പി സുരേന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷ ടി വി സീത ടീച്ചര്‍, സെക്രട്ടറി പി ബാബുരാജ്, വിഇഒ സി എം അഷിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date