Skip to main content

പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

ഗുരുവായൂര്‍ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എന്‍.കെ അക്ബര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ഹാര്‍ബര്‍ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ചാവക്കാട് കോടതി സമുച്ചയത്തിന്റെ പൈലിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെന്നും പൈല്‍ ക്യാപ്പ് നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും സ്‌പെഷല്‍ ബില്‍ഡിംഗ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. 

മമ്മിയൂര്‍ ഫ്‌ളൈഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് എത്രയും വേഗം അനുമതി നല്‍കുന്നതിന് ചീഫ് എഞ്ചിനീയര്‍ പാലം വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കനോലികനാല്‍ വികസനത്തിന്റെഭാഗമായി പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗവും ഇറിഗേഷന്‍ വിഭാഗവും സംയുക്ത യോഗം ചേരുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. രാമുകാര്യാട്ട് സ്മാരക നിര്‍മ്മാണത്തിന്റെ സാങ്കേതികാനുമതി നല്‍കുന്ന നടപടികള്‍ നടന്നുവരുന്നതായി ബില്‍ഡിംഗ് വിഭാഗം എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. എത്രയും വേഗം ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് അടുത്ത മാസം തന്നെ നിര്‍മ്മാണ ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് എക്‌സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.  

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച ചാവക്കാട് താലൂക്കാശുപത്രി കെട്ടിട നിര്‍മ്മാണത്തിന്റെ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു വരുന്നതായും എത്രയും വേഗം തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം ആരംഭിക്കുമെന്നും എക്‌സി. എഞ്ചിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. 

ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ നഗരസഭ, ആരോഗ്യവിഭാഗം ഡി.എം.ഒ (ആയുര്‍വ്വേദം), എക്‌സി. എഞ്ചിനീയര്‍ കെട്ടിട വിഭാഗം എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ച് കൂട്ടുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ ആല്‍ത്തറ -  പൊന്നാനി റോഡ് നവീകരണത്തിനായി നബാര്‍ഡില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് എക്‌സി. എഞ്ചിനീയര്‍ റോഡ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ചാവക്കാട് വടക്കാഞ്ചേരി റോഡ് വീതി കൂട്ടുന്നതിനായി അടിയന്തിരമായി സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കുന്നതിന് സര്‍വ്വേയറോട് എം.എല്‍.എ ആവശ്യപ്പെട്ടു. 

ചാവക്കാട് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ എസ്. ഹരീഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാലിനി, വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date