Skip to main content

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു;  ജില്ലയില്‍ ആകെ 25,90,721 വോട്ടര്‍മാര്‍

സംക്ഷിപ്ത വോട്ടര്‍ പട്ടിക 2024 പുതുക്കലിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 25,90,721 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ജില്ലയില്‍ ആകെ വോട്ടര്‍മാരില്‍ 13,52,552 സ്ത്രീകളും 12,38,114 പുരുഷന്മാരും 55 ഭിന്നലിംഗക്കാരുമാണ്. 3946 പ്രവാസി വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള 65,205 വോട്ടര്‍മാരുണ്ട്. 18 നും 19 നും ഇടയില്‍ പ്രായമുള്ള 35,551 വോട്ടര്‍മാരും പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ടി. മുരളി അന്തിമ വോട്ടര്‍ പട്ടിക പ്രകാശനം ചെയ്തു. സബ്ബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പോളിങ്ങ് സ്റ്റേഷനുകളിലും പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തില്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ ഏറ്റവും അധികം അപേക്ഷകള്‍ വന്നതും തൃശ്ശൂര്‍ ജില്ലയിലാണ്.

ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എം.സി റെജില്‍, പാര്‍വ്വതി ദേവി, തഹസില്‍ദാര്‍ ടി. ജയശ്രീ, ഹുസൂര്‍ ശിരസ്തദാര്‍ കെ.ജി പ്രാണ്‍സിംഗ്, ജൂനിയര്‍ സൂപ്രണ്ട് (ഇലക്ഷന്‍) എം. ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date