Skip to main content

മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ

 

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി  പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കോർപ്പറേഷൻ. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡിയോടുകൂടി എല്ലാ വീടുകളിലും എത്തിച്ച് സമ്പൂർണ്ണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ ഉയർത്തുക എന്നതാണ്  ലക്ഷ്യം.

600 ഓളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾ ജൈവ, അജൈവമാലിന്യ ശേഖരണത്തിനായി നഗരത്തിൽ പ്രവർത്തിക്കുണ്ട്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താതെ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. ഇതിനായി മൂന്നു സ്ക്വാഡുകൾ രൂപീകരിച്ചു. സക്വാഡിന്റെ പ്രവർത്തനം രാത്രിയും പകലും നഗരപ്രദേശങ്ങളിൽ ഉണ്ടായിരിക്കും.

കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ പ്രദേശത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും പുതിയ ഓർഡിനൻസ് പ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സമീപത്തെ സ്റ്റേഷനറി കടയിലും 5000 രൂപ വീതം  തൽസമയ പിഴ ചുമത്തുകയും ചെയ്തു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

നഗരസഭ പരിധിയിൽ മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതുമായ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനും, നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ വില്പന, ഉപയോഗം സംബന്ധിച്ചുള്ള പരിശോധനയുമാണ് നടത്തിവരുന്നത്.

പൊതുജലാശയം മലിനമാക്കും വിധം പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനാണ് പുതിയ സ്ക്വാഡ് പ്രാധാന്യം നൽകുന്നത്. നഗരസഭാ ഹെൽത്ത് ഓഫീസർ ഡോക്ടർ മുനവർ റഹ്മാൻ, ഹെൽത്ത് ഓഫീസർ കെ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തി നോട്ടീസ് നൽകുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ശുചിത്വ നഗരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു

date