Skip to main content

സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണ പദ്ധതിയുമായി ഇലഞ്ഞി പഞ്ചായത്ത്

 

സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി ഇലഞ്ഞി പഞ്ചായത്ത്. പഞ്ചായത്തിൻ്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ത്രീകൾക്ക് കപ്പുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിതരണോദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.

സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ആരോഗ്യവും ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് പറഞ്ഞു. പരമ്പരാഗത മാർഗങ്ങളിൽ നിന്നും മാറി ആധുനിക രീതികൾ സ്വീകരിക്കുന്നതിലൂടെ ആത്മവിശ്വാസം ഉയർത്തി മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ സ്ത്രീകൾക്ക് സൃഷ്ടിക്കാനാവുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും പരിസ്ഥിതി മലിനീകരണവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 750 പേർക്കാണ് കപ്പുകൾ വിതരണം ചെയ്തത്.

മെൻസ്ട്രൽ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കിടയിൽ വ്യാപകമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി കപ്പുകളുടെ ഉപയോഗം, സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുമ്പോൾ ഉള്ള ഗുണങ്ങൾ, തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ഡോ. അർച്ചന നേതൃത്വം നൽകി.

ഇലഞ്ഞി ഫാമിലി ഹെൽത്ത് സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എം.പി ജോസഫ് അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷമാരായ , ഷേർളി ജോയി, ജിനി ജിജോയി, മാജി സന്തോഷ്, ജോർജ് ചമ്പമല, ജയശ്രീ സനൽ, സുരേഷ് ജോസഫ്, സുജിതാ സദൻ, മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് എന്നിവർ സംസാരിച്ചു.

date