Skip to main content

ജര്‍മ്മന്‍ ബര്‍കാന്യൂ സിറ്റി മേയർ മിലന്‍  മാപ്ലശ്ശേരി ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി 

 

മലയാളി വംശജനായ ജര്‍മ്മനിയിലെ ബര്‍കാന്യൂ സിറ്റി മേയര്‍ മിലന്‍ മാപ്ലശ്ശേരി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷുമായി കൂടിക്കാഴ്ച നടത്തി. കളക്ടറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ജര്‍മ്മനിയിലെ വേസ്റ്റ് മാനേജ്‌മെന്റ്, ഫ്‌ളഡ് മാനേജ്‌മെന്റ് രീതികളെ കുറിച്ച് ജില്ലാ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 

ഗതാഗതം, ഭൗതിക വികസനം, ദുരന്തനിവാരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തൊഴില്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി. തങ്ങളുടെ അനുഭവങ്ങളും അറിവുകളും പരസ്പരം പങ്കുവച്ചുകൊണ്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

ആറ് വർഷത്തിനു മുൻപാണ് താൻ അവസാനമായി കേരളത്തിൽ വന്നു പോയത്. അതിനുശേഷം വീണ്ടും ഇവിടെ എത്തിയപ്പോൾ വലിയ മാറ്റമായി തോന്നിയത് ഡിജിറ്റൽ  സാങ്കേതിക മേഖലയിലാണ്. ഇവിടുത്തെ ചെറിയ കടകളിൽ വരെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം കാണാനായി. സാധാരണ ജനങ്ങൾ കൃത്യമായി അത് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ജർമ്മനിയിൽ  ഇപ്പോഴും ആളുകൾ ആ തലത്തിലേക്ക് എത്തിയിട്ടില്ലെന്നും മിലൻ പറഞ്ഞു.

ജര്‍മ്മനിയിലെ ബര്‍കാന്യൂ സിറ്റിയുടെ മേയറായ മിലന്റെ സ്വദേശം എറണാകുളം ജില്ലയിലെ വടുതലയാണ്. ഇദ്ദേഹം ജനിച്ചതും വളര്‍ന്നും ജര്‍മ്മനിയിലാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം സ്വതന്ത്രനായാണ് 2021 മാർച്ചിൽ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മേയറാകുന്നതും.

എകദേശം 80 ശതമാനം വോട്ട് നേടിയായിരുന്നു വിജയം. ആറു വർഷമാണ് അധികാര കാലാവധി. തിരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് സമയത്തായതിനാൽ ജനങ്ങളെ നേരിൽ കാണുന്നതിന് പരിമിതികൾ നേരിട്ടപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു അദ്ദേഹം പ്രധാനമായും പ്രചാരണം നടത്തിയത്. അന്ന് സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനൽ ഇപ്പോഴും സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പത്ത് ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ അദ്ദഹം പിതാവ് ജോര്‍ജ് ബേസില്‍ മാപ്ലശ്ശേരിയ്‌ക്കൊപ്പമായിരുന്നു കളക്ടറെ സന്ദര്‍ശിച്ചത്.

date