Skip to main content

സൗഹൃദവും ചര്‍ച്ചയും പൂത്തുലഞ്ഞു, മേളയെ ഉത്സവമാക്കി യുവത

 യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ചങ്ങാത്തങ്ങളും സിനിമ ചര്‍ച്ചകളും പൂക്കുന്ന ഇടമായി ഹാപ്പിനസ് ചലച്ചിത്രമേള. മേളയുടെ രണ്ടാം ദിനം പങ്കാളിത്തം കൊണ്ട് സമ്പന്നമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കള്‍ കൂട്ടമായെത്തിയാണ് മേളയെ ഉത്സവ ലഹരിയിലാക്കിയത്.
തിങ്കളാഴ്ച രാവിലെ മുതല്‍ തീയേറ്ററുകളിലേക്ക്് യൂത്തിന്റെ ഒഴുക്കായിരുന്നു. ഞായറാഴ്ച മുതലുള്ളവരും പുതുതായി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. പ്രദര്‍ശനം തുങ്ങിയതോടെ തിയേറ്ററുകള്‍ നിറഞ്ഞു. ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ തന്നെ തിരക്കിട്ട സിനിമ ചര്‍ച്ചകള്‍. അതിനിടെ ചിലയിടത്ത്് ആട്ടവും പാട്ടുമായുള്ള ഒത്തുകൂടല്‍. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചതില്‍ മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് മേളയില്‍ എത്തിയതെന്ന്് വിദ്യാര്‍ഥികള്‍ പറയുന്നു. എല്ലാം മികച്ചതായതിനാല്‍ ഏത് കാണുമെന്ന് പലപ്പോഴും സംശയിച്ചതായി സര്‍സയ്യിദ് കോളേജ് രണ്ടാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി ടി ആയുഷ് പറഞ്ഞു. വരും തലമുറയുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനും സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനും മേള സഹായിക്കുമെന്ന്് ജേര്‍ണലിസം വിദ്യാര്‍ഥി അനഘ ശേഖരന്‍ പ്രതികരിച്ചു.
പ്രായഭേദമന്യേയാണ് ഇവിടേക്ക്് സിനിമ പ്രേമികളെത്തുന്നത്. പരമാവധി സിനിമകള്‍ കാണാനുള്ള ഓട്ടത്തിലാണ് മിക്കവരും. എല്ലാ ദിവസവും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയത്്് ഗുണകരമായി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലൊരുക്കിയ ഓപ്പണ്‍ തീയറ്ററിലും വൈകുന്നേരങ്ങളില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. 'സമാന്തര സിനിമയുടെ പ്രദര്‍ശന വിപണന സാധ്യത' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറവും പങ്കാളിത്തം കൊണ്ടും ചൂടേറിയ ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി.
 

date