Skip to main content

ഇനി സ്വപ്നം കാണാം, ഭൂമിയോളം...!

ഒരുപിടി മണ്ണ് സ്വന്തമായി കിട്ടിയതിന്റെ തിളക്കം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. ആ മണ്ണിൽ പൊന്നു വിളയിക്കാനും പുരയിടം വയ്ക്കാനുള്ള ഉത്സാഹവും.

 

"സന്തോഷായി... ഈ തിക്കിത്തിരക്കലിന് ഒരു അവസാനായല്ലോ. ഞാനും ന്റെ മക്കളും മരുമക്കളും പേരമക്കളും രണ്ടു മുറികളുള്ള ഒരു വീട്ടിലാണ് ഇത്രേം കാലം കഴിഞ്ഞത്.."

നിലമ്പൂർ പാടിക്കുന്ന് കോളനിയിൽ താമസിക്കുന്ന 80കാരി കാളിയുടെ വാക്കുകൾക്ക് മകൾ ഗീതയുടെ കണ്ണീരിന്റെ അകമ്പടി.

 

ഭൂരഹിതരായ പട്ടികവർഗക്കാർക്ക് സർക്കാർ കൈമാറിയ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു കാളി. 

 

വീട്ടിൽ അംഗസംഖ്യ കൂടുമ്പോൾ അയലത്തെ വീടുകളിലാണ് ഇവർ രാത്രി കിടക്കാൻ പോയിരുന്നത്."പൊട്ടിപ്പൊളിഞ്ഞ കക്കൂസ് നന്നാക്കാനുള്ള സഹായം പോലും ഞങ്ങൾക്ക് മുൻപ് കിട്ടിയിരുന്നില്ലെന്ന് ഗീത പറയുമ്പോഴും വീടെന്ന സ്വപ്നത്തിന് അധികം ദൂരമില്ലെന്ന ആശ്വാസം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. പാടിക്കുന്നിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള തൃക്കൈകുത്തിലാണ് ഇന്നലെ കാളിക്കും കുടുംബത്തിനും ഭൂമി അനുവദിച്ചു കിട്ടിയത്.

കൊമ്പൻകല്ലിൽ താമസിക്കുന്ന കൃഷ്ണൻകുട്ടിക്കും ഭാര്യ നീലിക്കും മനസ്സിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവാണ്. " ആധാറും വോട്ടർ കാർഡും എല്ലാം ഉണ്ടായിട്ടും ജീവിതത്തിൽ ഒരു തുണ്ട് ഭൂമിയുടെ രേഖ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതിപ്പോൾ കിട്ടി.." പട്ടയം നെഞ്ചോട് ചേർത്ത് കൃഷ്ണൻ കുട്ടി പറയുമ്പോൾ ഭാര്യ നീലിക്കും അത് കണ്ണീർ നനവായി. " കുറ്റിപ്പുര പോലുള്ള ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഇനിയിപ്പോൾ അടച്ചറപ്പുള്ള ഒരു വീട് സ്വപ്നം കാണാമല്ലോ.." നീലിയുടെ വാക്കുകൾ.

വീടിനുള്ള ധനസഹായം ഉടൻ നൽകുമെന്നുള്ള സർക്കാരിന്റെ ഉറപ്പ് ഇവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അനുവദിച്ചു കിട്ടിയ ഭൂമിയിലെ കാടുവെട്ടാനുള്ള ധനസഹായം പട്ടയം ഉടമകൾക്ക് തന്നെ നൽകുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞതിൽ ഉണ്ട് സർക്കാർ എത്ര മാത്രം ഈ ജനതയെ ചേർത്തു നിർത്തുന്നുണ്ടെന്നതിന് തെളിവെന്ന് പട്ടയം കൈപ്പറ്റനെത്തിയവർക്ക് ഉറപ്പിക്കാം.

പട്ടയ വിതരണമേളയിൽ പങ്കെടുത്ത 570 കുടുംബങ്ങളും മടങ്ങിയത് സ്വന്തം പേരിൽ കുറച്ചു ഭൂമിയും ആയിട്ട് മാത്രമല്ല. മനസ്സിൽ കുറേ സ്വപ്നങ്ങളും ആയിട്ട് കൂടിയാണ്.

date