Skip to main content

റോഡ് സുരക്ഷാ പദ്ധതികള്‍ക്ക് 18.92 കോടിയുടെ അംഗീകാരം

ജില്ലയിലെ റോഡ് സുരക്ഷാ പദ്ധതികള്‍ക്കായി 18.92 കോടി രൂപയുടെ അംഗീകാരം. റോഡ് സുരക്ഷകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മാനന്തവാടി താലൂക്കില്‍ 2022-23 വര്‍ഷങ്ങളില്‍ നടന്ന റോഡ് അപകടങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലക്കിടി, വാര്യാട്, കൃഷ്ണഗിരി, കൊളഗപ്പാറ, കമ്പളക്കാട് പള്ളിമുക്ക്, പനമരം പാലം, മാനന്തവാടി കൊയിലേരി കൈതക്കല്‍ എന്നിവടങ്ങളില്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗത്തില്‍ അംഗീകാരം നല്‍കി. സീബ്രാ ക്രോസിങ് മാര്‍ക്കില്ലാത്ത സ്‌കൂളുകളുടെ മുന്‍പിലൂടെയുള്ള പഞ്ചായത്ത് -നഗരസഭാ റോഡുകളില്‍ സീബ്ര ക്രോസിങ് മാര്‍ക്ക്, മറ്റ് റോഡ് സുരക്ഷാ ബോര്‍ഡുകള്‍ എന്നിവ മാര്‍ച്ച് 31 നകം സ്ഥാപിക്കുന്നതിന് എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി താലൂക്കില്‍ മോട്ടോര്‍ വാഹന-പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി 201.19 കിലോമീറ്റര്‍ ദൂരം റോഡ് ഓഡിറ്റ് നടത്തി. ഇത്രയും ദൂരത്തെ 25 ലധികം വിവിധ സ്ട്രെച്ചുകളായി തിരിച്ച് അപകട-അപകട സാധ്യത മേഖലകളില്‍ ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 16.92 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി അംഗീകാരം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date