Skip to main content

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2024-25 അധ്യായന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം. മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ 35 പെണ്‍കുട്ടികള്‍ക്കും അഗളി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ ആറാം ക്ലാസില്‍ 30 പെണ്‍കുട്ടികള്‍ക്കും 30 ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 35 സീറ്റുകളില്‍ 10 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നും 30 ശതമാനം പട്ടികജാതി വിഭാഗത്തില്‍ നിന്നും പരിഗണിക്കും. സ്‌കൂളിലെ മറ്റ് സീറ്റുകളും ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുഴുവന്‍ സീറ്റുകളും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ സീറ്റുകളിലും പി.വി.റ്റി.ജി വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. ഫെബ്രുവരി 20നകം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗക്കാരെ വാര്‍ഷിക കുടുംബ വരുമാനപരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ www.stmrs.in ല്‍ ഓണ്‍ലൈനായും നല്‍കാം. അപേക്ഷകളുടെ ഹാര്‍ഡ് കോപ്പി അടുത്തുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മോഡല്‍ റസിഡന്‍സ് സ്‌കൂളുകളിലും നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 924254382, 9847745135, 8281230461, 6282026874, 9037541071, 8907514501.
 

date