Skip to main content

സമ്പൂർണ്ണ ശുചിത്വ നഗരമാവാൻ ഒരുങ്ങി കൊയിലാണ്ടി

 

ശുചിത്വ ഭവന പ്രഖ്യാപനം നാളെ (ജനുവരി 26ന്)

ശുചിത്വ സംസ്കാരത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാൻ കൊയിലാണ്ടി നഗരസഭ തയ്യാറെടുക്കുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ ശുചിത്വ ഭവനം പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്. നഗരസഭയിലെ മുഴുവൻ വീടുകളിലും അയൽക്കൂട്ടതലം, വാർഡ് തലം, നഗരസഭാ തലം എന്നിങ്ങനെ പരിശോധന നടത്തി ശുചിത്വ ഭവനത്തെ തെരഞ്ഞെടുക്കും. തുടർന്ന് നാളെ (ജനുവരി 26 ന്‌ ) റിപ്പബ്ലിക് ദിനത്തിൽ ഇഎംഎസ് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ എംഎൽഎ കാനത്തിൽ ജമീല ശുചിത്വ വീടുകളുടെ പ്രഖ്യാപനം നടത്തും.

നഗരസഭയിലെ 44 വാർഡുകളലും നടത്തിയ പരിശോധനയിൽ തെരഞ്ഞെടുത്ത നഗരസഭ തല ശുചിത്വ ഭവനത്തിന് കൊയിലാണ്ടിയിലെ ത്രിമൂർത്തി ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുക.നഗരസഭയിലെ അയൽക്കൂട്ടതലത്തിൽ നിന്ന് തെരഞ്ഞെടുത്ത 718 അയൽക്കൂട്ടതല ശുചിത്വ ഭവനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.നഗരസഭാ തലത്തിൽ തെരഞ്ഞെടുക്കുന്ന ആദ്യ 10 വീടുകൾക്ക് സർട്ടിഫിക്കറ്റിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. 

ഇതിനോടകം തന്നെ ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ചേർന്ന് ശുചിത്വ പരിശോധന നടത്തിക്കഴിഞ്ഞു. നഗരസഭ തല പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്. 100 മാർക്കിനുള്ള 12 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായാണ് ഓരോ വീടുകളിലും പരിശോധന സംഘം കയറിയത്. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ, ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരണം,കൃത്യമായ ദ്രവമാലിന്യ സംസ്കരണം, ചെടികൾ നട്ടുപിടിപ്പിച്ച് വീടും പരിസരത്തിന്റെയും വൃത്തിയായ പരിപാലനം,,കുടിവെള്ള സ്രോതസിന്റെ പരിപാലനം , അടുക്കളത്തോട്ടത്തിന്റെ പരിപാലനം, ടോയ്ലറ്റ് പരിപാലനം, കുളിമുറിയുടെ പരിപാലനം, ഫർണിച്ചറുകളുടെയും പാത്രങ്ങളുടെയും ക്രമീകരണം,വളർത്തു മൃഗങ്ങളുടെ പരിപാലനം എന്നിവ അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടന്നിട്ടുള്ളത്.

നാളെ (ജനുവരി 26 ന്‌ ) കാനത്തിൽ ജമീല എം.എൽ എ ശുചിത്വ ഭവന പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കും. നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ് മുഖ്യാതിഥിയാവും. ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിക്കും.

ശുചിത്വ ഭവന പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 31 നുള്ളിൽ കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുമെന്ന് ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാർ അഡ്വ. കെ.സത്യനും പറഞ്ഞു.

date