Skip to main content
വേലിയേറ്റ ദുരിതത്തിന് പരിഹാരം; ചാലുംപുറത്ത് കായല്‍ തീരം കല്ലുകെട്ടി സംരക്ഷിക്കാന്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

വേലിയേറ്റ ദുരിതത്തിന് പരിഹാരം; ചാലുംപുറത്ത് കായല്‍ തീരം കല്ലുകെട്ടി സംരക്ഷിക്കാന്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ: കോടന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ചാലുംപുറത്ത് തീരം കല്ലുകെട്ടി സംരക്ഷിക്കാനുള്ള പദ്ധതിയുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജിവന്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജെയിംസ് ആലത്തറ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിനീഷ്,  ജനപ്രതികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 കാലയളവിലെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കോടന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ചാലുംപുറം പ്രദേശത്ത് വേലിയേറ്റവും വെള്ളക്കെട്ടും മൂലം ജനജീവിതം ദുഷ്‌കരമായിരുന്നു. നിരവധി മത്സ്യത്തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും താമസിക്കുന്ന പ്രദേശമാണിത്. ഇവിടത്തെ അംഗണവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ സ്ഥിതി വെള്ളപ്പൊക്കത്തോടെ ശോചനീയാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടണക്കാട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ കല്ലുകെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 

ചാലുംപുറം കായല്‍ തീരത്തിന് പുറമെ പട്ടണക്കാട് ബ്ലോക്ക് ചമ്മനാട് ഡിവിഷന്റെ പരിധിയില്‍ വരുന്ന നിരവധി പ്രദേശങ്ങള്‍ വേലിയേറ്റ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഈ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി തായ്‌ലന്റ് മോഡല്‍ കായല്‍ സംരക്ഷണവും അതുവഴിയുള്ള ടൂറിസം, ഗതാഗതം, മല്‍സ്യോത്പാദനം  എന്നിവ നടത്താന്‍ കഴിയുന്ന ജൈവ ബണ്ട് സ്ഥാപിച്ചു കൊണ്ടുള്ള വികസന പദ്ധതിയുടെ മാതൃക സംസ്ഥാന സര്‍ക്കാരിന് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതില്‍ പുറമേ പ്രദേശത്തെ ജനവിഭാഗങ്ങള്‍ക്ക് മികച്ച ജീവനോപാധി ഉറപ്പാക്കാനും സാധിക്കുമെന്നും വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍ പറഞ്ഞു.

date