Skip to main content

ജൈവവായനയ്ക്ക് തുടക്കം കുറിച്ച് പൊതുവിദ്യാലയങ്ങള്‍

ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികളിലെ വായന പരിപോഷണം, സര്‍ഗാത്മക വികാസം എന്നീ ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളെ സ്വാഭാവിക വായനയിലേയ്ക്ക് നയിക്കാനായി വായനയുടെ വിവിധ തലങ്ങളെക്കുറിച്ചും കുട്ടികളെ വായനയിലൂടെ എഴുത്തിലേക്ക് നയിക്കേണ്ട രീതികളെ കുറിച്ചും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ഇതിലൂടെ കുട്ടികളില്‍ പുതിയ വായന സംസ്‌കാരം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.  

എസ്.എസ്.കെ. ജില്ല ഓഫീസില്‍ നടന്ന ഏകദിന പരിശീലനം ജില്ല ഓഫീസര്‍ ഡി.എം. രജനീഷ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍മാരായ ബാബുനാഥ്, മേരി ദയ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ ജിഷ, ഷിഹാബ് നൈന എന്നിവര്‍ ക്ലാസ് നയിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ വായനക്കൂട്ടം, എഴുത്ത് കൂട്ടം എന്നിവ രൂപീകരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ബി.ആര്‍.സി., ജില്ലാതല കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

date