Skip to main content

കുടുംബശ്രീ പാട്ടുത്സവം; സംഘാടക സമിതി രൂപീകരിച്ചു റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച തിരികെ സ്‌കൂള്‍ പരിപാടിയുടെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 1111 വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാട്ടുത്സവം പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ പാലക്കാട് ജോബീസ് മാളിലാണ് പാട്ടുത്സവം അരങ്ങേറുക. പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ രണ്ട് മന്ത്രിമാരും എം.എല്‍.എമാരും രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണുമായുള്ള സമിതിയാണ് രൂപീകരിച്ചത്.
പാലക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി. തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. സുജിത, പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി. ബേബി, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, മറ്റു ജീവനക്കാര്‍ പങ്കെടുത്തു.

date