Skip to main content

സ്പോർട്സ് ആയുർവേദത്തിനു വൻ സാധ്യതകൾ: മന്ത്രി വീണാ ജോർജ്

ആയുർവേദത്തിലെ പുതിയ വിഭാഗം എന്ന നിലയിൽ സ്പോർട്സ് ആയുർവേദത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും അതിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരളയ്ക്ക് സാധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ വെൽനെസ്സ് ഇൻ ഫോക്കസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വെൽനെസ് എന്നത് ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ തുടരുക എന്നതാണെന്നു മന്ത്രി പറഞ്ഞു. നല്ല ശീലങ്ങളിലൂടെയും ജീവിത രീതിയിലൂടെയും മാത്രമേ അതു സാധ്യമാകൂ. കായിക വിനോദങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള നല്ല മാർഗ്ഗങ്ങളിലൊന്ന് കായിക വിനോദങ്ങളോ കായിക അധ്വാനമോ ശീലമാക്കുക എന്നതാണ്.

ശാരീരിക ക്ഷമത വർധിപ്പിക്കുക എന്നതും കായിക മത്സരങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകൾ ചികിത്സിച്ചു ഭേദമാക്കുക എന്നതുമാണ് സ്പോർട്സ് ആയുർവേദയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൃശ്ശൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസേർച് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. ഇതുകൂടാതെ 9 ജില്ലകളിൽ സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലുകൾ പ്രവർത്തിക്കുക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്പോർട്സ് മെഡിസിൻ ഡിപ്പാർട്ട്മെന്റുണ്ട്. കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ ഹബ് ആക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എം.ജി.എൽ. ഇവല്യൂഷൻ മാനേജർ ജെസ്സീക്ക ഗോൺസാൽവേസ് ലാർസൺകനാൻ എഡ്യൂക്കേഷൻ അക്കാഡമി ജി എം സടോക്കോ വാഡആയുർവേദ സ്പോർട്സ് സ്പെഷ്യലിസ്റ്റ് ഡോ. ജയൻ എന്നിവർ പാനൽ ചർച്ചയിൽ സംസാരിച്ചു.

പി.എൻ.എക്‌സ്. 397/2024

 

date