Skip to main content
കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി പുത്തൂര്‍ ജി വി എച്ച് എസ് എസില്‍ വോളിബോള്‍ കോര്‍ട്ട്

കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി പുത്തൂര്‍ ജി വി എച്ച് എസ് എസില്‍ വോളിബോള്‍ കോര്‍ട്ട്

പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി ആധുനിക രീതിയില്‍ നിര്‍മിച്ച സിന്തറ്റിക് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ വിവിധ സംവിധാനങ്ങള്‍ക്കായി പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമായി 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടനെല്ലൂര്‍- കുരിശുമൂല റോഡ് വിപുലീകരണത്തിന്റെ ഭാഗമായി സ്‌കൂളിന്റെ കവാടവും മതിലും പൊളിച്ചു പണിയുന്നതിനായി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണം നടത്താനാണ് ലക്ഷ്യമെന്നും മന്ത്രിക്കൂട്ടി ചേര്‍ത്തു. 

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണതേജ മുഖ്യാതിഥിയായി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ നളിനി വിശ്വംഭരന്‍, പി എസ് സജിത്ത് ഗ്രാമപഞ്ചായത്ത് അംഗമായ പി ബി സുരേന്ദ്രന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ശിവകുമാര്‍, പ്രിന്‍സിപ്പാള്‍ എസ് മരകതം, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ലിയ തോമസ്, ഹെഡ്മിസ്ട്രസ് കെ എ ഉഷാകുമാരി, എല്‍ പി വിഭാഗം ഹെഡ്മിസ്ട്രസ് റിന്‍സി ജോസ് പിടിഎ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് വോളിബോള്‍ സൗഹൃദം മത്സരങ്ങള്‍ നടന്നു. 

കുട്ടനെല്ലൂര്‍ കുരിശുമൂല റോഡ് വികസനം

കുട്ടനെല്ലൂര്‍ മുതല്‍ കുരിശുമൂല വരെ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ ഫെബ്രുവരിയില്‍ നടക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പിഡബ്ല്യുഡി പുറമ്പോക്കും ആളുകള്‍ വിട്ടു നല്‍കിയ ഭൂമി ഏറ്റെടുക്കലുമാണ് ഫെബ്രുവരിയില്‍ ലക്ഷ്യമിടുന്നത്. 200 ലേറെ പേര്‍ക്ക് ഇതിനോടകം നഷ്ടപരിഹാര തുക ലഭ്യമായി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date