Skip to main content

അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലമായി ഒല്ലൂര്‍

ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി പൂര്‍ത്തീകരണം; ഒന്നാം സ്ഥാനം നേടി ഒല്ലൂര്‍ മണ്ഡലവും ഒല്ലൂക്കര ബ്ലോക്കും

അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഒന്നാമതെത്തി ഒല്ലൂര്‍ നിയോജകമണ്ഡലം. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 334 അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും വിവിധ സ്‌പോണ്‍സര്‍മാര്‍ മുഖേന സഹായഹസ്തം ലഭ്യമാക്കി. പദ്ധതി പൂര്‍ത്തീകരണത്തില്‍ ഇതോടെ ജില്ലയിലെ ആദ്യ നിയോജകമണ്ഡലമായി ഒല്ലൂരും ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കരയും മാറി. പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടന പരിപാടിയില്‍ റവന്യൂ മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. 

ഒല്ലൂര്‍ മണ്ഡലത്തിന്റെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 101 ഉം നടത്തറ, മാടക്കത്തറ, പുത്തൂര്‍, പാണഞ്ചേരി പഞ്ചായത്തുകളിലായി 257 ഉം അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെയാണ് ഹരിതകര്‍മ്മസേന മുഖേന കണ്ടെത്തിയത്. ഇതില്‍ ആനുകൂല്യത്തിന് അര്‍ഹരായ 334 കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. 36 സ്‌കൂളുകളില്‍ നിന്നുമായി 202 കുടുംബങ്ങള്‍ക്കും കെഎസ്എഫ്ഇ മുഖാന്തരം 90 കുടുംബങ്ങള്‍ക്കും സഹായം എത്തിക്കാനായി. വടൂക്കര സി ഫോര്‍ ചാരിറ്റി ട്രസ്റ്റ്, ഒല്ലൂര്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി വരുന്നുണ്ട്. 

ജില്ലയിലെ 4743 അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ സഹായഹസ്തം ലഭ്യമാവുക. ഇവര്‍ക്കായി വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. സൗജന്യ റേഷന്‍ ലഭിക്കുന്നതിന് പുറമേ പ്രതിമാസം ഏകദേശം 700 രൂപ വിലവരുന്ന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റും ലഭിക്കും. 2025 നവംബര്‍ ഒന്നിനകം സംസ്ഥാനത്തുടനീളം അതിദരിദ്രര്‍ ഇല്ലാത്ത കുടുംബങ്ങള്‍ എന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തില്‍ ടുഗെതര്‍ ഫോര്‍ തൃശൂരും നടപ്പിലാക്കുന്നത്.

date