Skip to main content

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്

 

ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സെമിനാർ സംഘടിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം ഇടപെട്ടുകൊണ്ട് അവർക്ക് ആവശ്യമായ നീതി ഉറപ്പാക്കാനാണ് കമ്മീഷൻ നിലകൊള്ളുന്നത്. ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരവും കമ്മീഷനിൽ നിക്ഷിപ്തമാണ്. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി ന്യൂനപക്ഷങ്ങൾക്കായി മൈനോറിറ്റി എഡ്യുക്കേഷൻ അക്കാദമി തുടങ്ങുന്നതിനായി വിശദമായ രൂപരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സാമ്പത്തിക സഹായം, സിവിൽ സർവീസ്, പാരാമെഡിക്കൽ കോഴ്സ്, വിദേശ ഭാഷാ പഠനം തുടങ്ങിയ പരിശീലനം അക്കാദമിയിൽ ആരംഭിക്കും. 

സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ-ജൈന -പാഴ്സി -സിഖ് വിഭാഗങ്ങളുടെ ജീവിതനിലവാരവും സാമൂഹിക വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ ഫെബ്രുവരി മൂന്നിന് പ്രത്യേക യോഗം ചേരുമെന്നും ചെയർമാൻ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗത്തിന് തൊഴിൽ ഉറപ്പാക്കാനാണ് ഇക്കണോമി മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്നത്. പ്ലസ് ടു കഴിഞ്ഞവർക്ക് ആവശ്യമായ വിദ്യാഭ്യാസം നേടുന്നതിനുള്ള പരിശീലനം, തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നൈപുണ്യ പരിശീലനം എന്നിവയ്ക്കായി നോളജ് ഇക്കണോമി മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ചില ബാങ്കുകൾ വായ്പ നിഷേധിച്ചപ്പോൾ അവർക്ക് വായ്പ ലഭ്യമാകുന്നതിന് ആവശ്യമായ നടപടികൾ കമ്മീഷൻ നടപ്പിലാക്കി. വിദ്യാഭ്യാസ വായ്പയ്ക്ക് സമീപിക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുന്നതിനുള്ള അവകാശം ബാങ്കുകൾക്കില്ല എന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതിനുശേഷം നമ്മുടെ സമൂഹത്തിൽ വന്നിട്ടുള്ള അപചയത്തെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്  കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. കല്യാണം കഴിക്കുന്ന സ്ത്രീ-പുരുഷൻ എന്നിവരെ കൂടാതെ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തണമെന്നതാണ് സമൂഹത്തിൻ്റെ വിവിധ കോണുകളിൽ ഉയർന്നുവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ എത്തിച്ചേരുന്ന നിഗമനം. ഇത് സംബന്ധിച്ച് സമൂഹത്തിൽ തുറന്ന ചർച്ച നടത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തീരുമാനമെടുക്കുകയും ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു. 

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ വിഭാഗത്തിന് നൽകുന്ന പല ആനുകൂല്യങ്ങളും ന്യൂനപക്ഷ വിഭാഗങ്ങൾ അറിയുന്നില്ല. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സംഘടനാ നേതാക്കൾ സ്വീകരിക്കണം. അവകാശങ്ങളെയും അനുകൂല്യങ്ങളെയും കുറിച്ച് അവബോധം ഉണ്ടാക്കണം. സംസ്ഥാനത്തെ 47% ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കുന്ന കമ്മീഷൻ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.

കലൂർ എം ഇ എസ് ഹാളിൽ നടന്ന സെമിനാറിൽ ന്യൂനപക്ഷ കമ്മീഷൻ മെമ്പർമാരായ എ സൈഫുദ്ദീൻ, പി റോസ, സംഘടനാ പ്രതിനിധികളായ വി എച്ച് അലി ദാരിമി, ഫാ. സാംസൺ കുര്യാക്കോസ്, കെ എം ലിയാക്കത്ത് അലി സാഹിബ്, പി ഡി ദില്‍ഫന്‍, എച്ച് ഇ മുഹമ്മദ് ബാബു സേഠ്, അബ്ദുൽസലാം കൈതാരം, ന്യൂനപക്ഷ കമ്മീഷൻ രജിസ്ട്രാർ എസ് ഗീത തുടങ്ങിയവർ സംസാരിച്ചു.

date