Skip to main content

ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള വിവിധ പ്രവർത്തനങ്ങൾ; ശ്രദ്ധേയമായി സെമിനാർ

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ശ്രദ്ധേയമായി.  ന്യൂനപക്ഷ സമൂഹവും വിജ്ഞാന തൊഴിലും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ കേരള നോളജ് ഇക്കണോമി മിഷൻ റീജിയണൽ പ്രൊജക്ട് മാനേജർ നീതു സത്യൻ വിഷയാവതരണം നടത്തി. തൊഴിൽരഹിതരായ ആളുകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനായി ആവിഷ്കരിച്ച പ്രധാന പദ്ധതിയായ ഇക്കണോമി മിഷന്റെ പ്രവർത്തനങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഇക്കണോമി മിഷനിലൂടെ ന്യൂനപക്ഷ വിഭാഗക്കാരായ തൊഴിൽ അന്വേഷകർക്ക് അവരുടെ കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ച് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കാൻ സാധിക്കും എന്ന് സെമിനാറിൽ വിലയിരുത്തി.

ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ എന്ന വിഷയത്തെ കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ പി റോസ വിഷയാവതരണം നടത്തി. ന്യൂനപക്ഷങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നടപ്പിലാക്കുന്ന പദ്ധതികൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് എന്ത്, എന്തിന്? എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സൈഫുദ്ദീൻ ഹാജി വിഷയ അവതരണം നടത്തി. ന്യൂനപക്ഷ കമ്മീഷൻ ആക്ട് വഴി നടപ്പിലാക്കുന്ന വിവിധ നിയമ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു.  ജില്ലയിൽ നിന്നുള്ള വിവിധ മതന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ 300 പേർ സെമിനാറിൽ പങ്കെടുത്തു. 

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ, ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലകളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നത്. കമ്മീഷന്റെ ഏഴാമത്തെ സെമിനാറാണ് ജില്ലയിൽ സംഘടിപ്പിച്ചത്.

date