Skip to main content

കുടിവെള്ള പ്രശ്‌നങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കണം: ജില്ലാ വികസന സമിതി

കുടിവെള്ള പ്രശ്‌നങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഏതെങ്കിലും വിധത്തില്‍ കുടിവെള്ളം  മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.

പൂയംകുട്ടി, കുഞ്ചിപ്പാറ പ്രദേശങ്ങളിലുണ്ടായ കാട്ടാന ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിന്  ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. ഇതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് വഴി  നടപ്പിലാക്കുന്ന പദ്ധതി പരമാവധി വേഗത്തില്‍ ആരംഭിക്കണം.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജോലികള്‍ മൂലം കുത്തുകുഴി ഭാഗത്ത് കുടിവെള്ളം തടസപ്പെടുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണം. പന്തപ്ര കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട  നടപടിക്രമങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. കോതമംഗലം താലൂക്ക് ആശുപത്രിയിലെ  ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട  തടസങ്ങള്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. കാലതാമസം ഒഴിവാക്കി അമൃത് പദ്ധതി വഴിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കണം. ചിറ്റൂര്‍, വടുതല ഭാഗത്ത് നിരന്തരമായി കുടിവെള്ളം തടസപ്പെടുന്ന സാഹചര്യമുണ്ട്. പി&ടി കോളനി പുനരധിവാസം പൂര്‍ത്തിയാക്കണം. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത്  ഇതര സംസ്ഥാന ലൈംഗിക തൊഴിലാളികള്‍ പകല്‍സമയത്തുള്‍പ്പെടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ശക്തമാക്കണം. കൊച്ചി നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയതായും ഇതിനകം നൂറിലധികം പേരെ പിടികൂടി റിമാന്‍ഡ് ചെയ്തതായും പോലീസ് യോഗത്തില്‍ അറിയിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ ആരംഭിച്ച ജനജാഗ്രതാ സമിതിയുടെ വിവരങ്ങള്‍ തനിക്ക് ലഭ്യമാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

പണ്ടപ്പിള്ളി, കാവുംപാടം വഴിയുള്ള മൂവാറ്റുപുഴ - കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന് മാത്യു കുഴല്‍നാടന്‍  എം.എല്‍.എ പറഞ്ഞു. രണ്ടാഴ്ച ഈ റൂട്ടില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ബസ് ഓടിക്കാമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍  അറിയിച്ചു. വെള്ളൂര്‍ക്കുന്നത്തെ മണ്ണിടിച്ചില്‍  ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ  പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ യോഗത്തില്‍ അറിയിച്ചു. ഇടുക്കി ജില്ലയുടെ പരിധിയില്‍ ഉള്‍പ്പെട്ട മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ജില്ലയുടെ ഭാഗമാക്കുന്നതിന്  സ്വീകരിച്ച നടപടികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. മുറിക്കല്‍ ബൈപ്പാസുമായി ബന്ധപ്പെട്ട  സ്ഥലം ഏറ്റെടുപ്പു നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

സർവീസിൽ നിന്നു വിരമിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമയെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആദരിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  എസ്.ഷാജഹാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  പി.എ. ഫാത്തിമ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date