Skip to main content

വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി റോഷി അഗസ്റ്റിന്‍

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി. കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥി ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 100 കഴിഞ്ഞപ്പോള്‍ 100 തൊഴില്‍ദിനങ്ങള്‍ കൂടി നല്‍കിയത് സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ആ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ ആദ്യപഞ്ചായത്തായി വെള്ളിയാമറ്റം മാറി. ഈ അപൂര്‍വനേട്ടം കൈവരിച്ചതില്‍ പഞ്ചായത്ത് ഭരണസമിതിയേയും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.

ക്ഷേമപെന്‍ഷന്‍, വിദ്യാര്‍ഥികളുടെ പഠനം, കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌കൂളുകള്‍, തുടങ്ങിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. ലോകത്തിലെവിടെയും പോയി പഠിക്കാനുള്ള തരത്തില്‍ പ്രാഥമികതലം മുതല്‍ മികച്ച വിദ്യാഭ്യാസം നല്കി കുട്ടികളെ സജ്ജരാക്കുന്ന വിദ്യാഭ്യാസനയമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍വകലാശാലകളെയും കോളേജുകളെയും കൂടുതല്‍ ബലിഷ്ഠമാക്കണം. വിദേശത്തുനിന്നുള്ള കുട്ടികള്‍ നമ്മുടെ സംസ്ഥാനത്തു വന്നു പഠിക്കണം. കോവിഡിനു ശേഷം ഒട്ടനവധി വിദേശവിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട്. ഇവര്‍ക്കു പഠനത്തിനായി കേരളത്തില്‍ മെച്ചപ്പെട്ട സൗകര്യം ലഭിക്കുകയാണെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാനാകും.
50 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു, സര്‍ക്കാര്‍ സീറ്റില്‍ നഴ്സിങ് പഠിക്കാം, എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇടുക്കിയില്‍ ആരംഭിച്ചു, തുടങ്ങി ആരോഗ്യരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനായി. ഒന്നേമുക്കാല്‍ ലക്ഷം സംരംഭങ്ങള്‍ ഈ സംരഭകത്വവര്‍ഷത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് പതിനോരായിരം കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൂന്നരലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പുതിയ സംരഭങ്ങള്‍ കണ്ടെത്താനും ആശയങ്ങള്‍ രൂപീകരിക്കാനും വ്യവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ടോമി കാവാലം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോണ്‍, ടെസ്സിമോള്‍ മാത്യു, വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് രാജന്‍, ഷൈല സുരേഷ്, രാജി ചന്ദ്രശേഖരന്‍, ഷേര്‍ളി ജോസുകുട്ടി, കൃഷ്ണന്‍ വി.കെ, ലാലി ജോസി, പഞ്ചായത്ത് സെക്രട്ടറി പി. എസ്. സെബാസ്റ്റ്യന്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ്, ബി.ഡി.ഒ അജയ് എ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളിയാമറ്റം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി സ്‌നേഹാദരവ് വീഡിയോ ലിങ്ക് : https://we.tl/t-0lDwc79w8C

date