Skip to main content

ജലജീവൻ മിഷൻ: പൂർത്തിയായ ലൈനുകളിൽ വെള്ളം ലഭ്യമാക്കിത്തുടങ്ങി: ജില്ലാ വികസനസമിതി യോഗം

കോട്ടയം: നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഇനിയും നടപടികളെടുത്തിട്ടില്ലാത്തവയിൽ അടിയന്തരമായ നടപടികളെടുത്തു നവകേരള പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നു ജില്ലാ കളകടർ വി. വിഗ്‌നേശ്വരി ജില്ലാ വികസനസമിതി യോഗത്തെ അറിയിച്ചു. ജലജീവൻ മിഷനിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള ലൈനിൽ ഈ വേനൽക്കാലത്ത് വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. പുതുതായി നൽകിയ കണക്ഷനുകൾ ചാർജ് ചെയ്യുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി അധികൃതർ യോഗത്തെ അറിയിച്ചു. വാഴൂർ പതിനാലാം മൈലിൽ അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.  മുക്കടയിൽ റബർ ബോർഡിന് കൃഷിക്കായി നൽകിയ 50 ഏക്കറോളം സർക്കാർ ഭൂമി തരിശായിക്കിടക്കുകയാണെന്നും ഇവിടെ ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിന് സർക്കാർ തലത്തിൽ അനുമതി ലഭ്യമാണെന്നും ഭൂമി തിരികെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
വാട്ടർ അതോറിട്ടിയുടെ വിവിധ പ്രവർത്തികളുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ പഴയ സ്ഥിതിയിലാക്കുന്നതിൽ നടപടി സ്വീകരിക്കുന്നില്ല എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. കന്നുകുഴി-കൊല്ലാട് റോഡ് ബി.സി. ഓവർലേ ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. വെള്ളൂപ്പറമ്പ് ഇഞ്ചയരിക്കുന്ന് റോഡ് പഴയതുപോലാക്കുന്ന നടപടികളിൽ പോരായ്മകളുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പുമായി ചേർന്നു വാട്ടർ അതോറിട്ടി സംയുക്ത പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നു യോഗത്തെ അറിയിച്ചു.
ചങ്ങനാശേരി ളായിക്കാട് ബൈപ്പാസിൽ മാലിന്യങ്ങൾ സ്ഥാപിക്കുന്നതു കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ജോബ് മൈക്കിൾ എം.എൽ.എ. ചൂണ്ടിക്കാട്ടി. കുറിച്ചി സചിവോത്തമപുരം സി.എച്ച്.സിയിൽ ഒ.പിയിൽ വൈകിട്ട് ആറുമണിവരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ഫാർമസിസ്്റ്റിനെ അടിയന്തരമായി നിയമിക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എയെ പൊതുമരാമത്ത് കെട്ടിടവിഭാഗം അറിയിച്ചു. ഫാത്തിമാപുരത്തെ കുന്നുകൂടിക്കിടക്കുന്ന അജൈവമാലിന്യങ്ങൾ നീക്കാൻ അടിയന്തരനടപടിവേണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date