Skip to main content
Ration Card

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

മാനന്തവാടി, കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 845 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി അപേക്ഷിച്ചവരില്‍ മാനന്തവാടി താലൂക്കിലെ 373 പേര്‍ക്കും കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 472 പേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച മുന്‍ഗണനാ കാര്‍ഡിനുള്ള അപേക്ഷകളും നവകേരളസദസ്സില്‍ നിന്നും ലഭിച്ച അപേക്ഷകളും പരിശോധിച്ചാണ് കാര്‍ഡുകള്‍ അനുവദിച്ചത്. ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി 5 മുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ ബന്ധപ്പെട്ട അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും.

മാനന്തവാടി താലൂക്ക്തല വിതരണോദ്ഘാടനം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഗംഗാധരന്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, ഉപഭോക്തൃ കാര്യ ഏകോപന സമിതി ജില്ലാ പ്രസിഡന്റ്് പ്രേമരാജന്‍ ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പ്പറ്റ, വൈത്തിരി താലൂക്കുതല വിതരണോദ്ഘാടനം കളക്ടറേറ്റ് ഹാളില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.മണി നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.കണ്ണന്‍ അധ്യക്ഷനായി. താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. സജ്ഞയനാഥ്, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date