Skip to main content

കുഷ്ഠരോഗം ഇപ്പോഴുമുണ്ട്, ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടാം

ആലപ്പുഴ: ജില്ലയിൽ കുഷ്ഠരോഗ ചികിത്സയിൽ 23 രോഗികൾ. ഇവരിൽ 13 പുതിയ രോഗികളെ 2023 ഏപ്രിൽ  മുതൽ 2024 ജനുവരി വരെയുള്ള കാലഘട്ടത്തിൽ കണ്ടെത്തിയതാണെന്ന് ഡി.എം.ഒ. ആരോഗ്യം ഡോ. ജമുന വർഗീസ് അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗം തിരിച്ചറിയാതെ ജീവിക്കുന്നവരും സമൂഹത്തിൽ ഉണ്ടാവാൻ ഇടയുണ്ട്. 

ശരീരത്തിലെ സ്പർശനശേഷി കുറഞ്ഞതോ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമം കൈകാലുകളിലെ മരവിപ്പ് തുടങ്ങിയവ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ ആകാം. തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുഷ്ഠരോഗം നാഡികളെ ബാധിച്ചു വൈകല്യങ്ങൾ ഉണ്ടാകുന്നു.  തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ ആറുമാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പരിപൂർണ്ണമായി ഭേദമാക്കാനാവും. 

എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. രോഗബാധിതനായ ഒരാൾ ചികിത്സ എടുക്കുന്നതുവരെയും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന് ഇടയുണ്ട് . എന്നാൽ ചികിത്സ തുടങ്ങി ആറാഴ്ചയാകുമ്പോഴേക്കും രോഗം ബാധിച്ച വ്യക്തിയിൽ നിന്നും  മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യതയില്ലാതാകുന്നു

കുഷ്ഠരോഗം കുട്ടികൾക്കും വരാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങളെകുറിച്ചും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ തേടി രോഗമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും തിരിച്ചറിയുന്നതിനോടൊപ്പം മറ്റുള്ളവരെ ബോധവാന്മാരാക്കുന്നതിലും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

date