Skip to main content

എടോനി പാലം നാടിന് സമർപ്പിച്ചു

 

നരിപ്പറ്റ ഇനി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് 

നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എടോനി പാലത്തിന്റെ ഉദ്ഘാടനവും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മാലിന്യം വലിച്ചെറിയാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അത്തരത്തിൽ ഒരു സംസ്കാരം നാം രൂപപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തും മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിൽ മാതൃകാപരമായി സർക്കാർ ഈ രംഗത്ത് ഇടപെട്ടു കൊണ്ടിരിക്കുകയാണ്. സാങ്കേതിക സംവിധാനങ്ങൾ  പ്രയോജനപ്പെടുത്തി കൃത്യമായ വിലയിരുത്തൽ നടത്തി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹരിത കർമ്മ സേനയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ 1.12 കോടി രൂപ ചെലവഴിച്ചാണ് പാലം പണിപൂർത്തീകരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം സമ്പൂർണ്ണ ശുചിത്വ റിപ്പോർട്ട് അവതരിപ്പിച്ചു. 

ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബീന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ കെ ലീല, വി നാണു, ശ്രീജ ടി കെ, വാർഡ് മെമ്പർമാരായ പി മിനി, അൽഫോൻസാ റോബിൻ, ടി ശശി, വി.ടി അജിത, വി കെ അനുരാജ്, ലിബിയ, ഹൈദർ, ടി സുധീർ, സജിത സുധാകർ, സിപി കുഞ്ഞബ്ദുള്ള, സി വി അബ്ദുൽ അസീസ്, കെ കെ ലേഖ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എച്ച് രാജശ്രീ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി സ്വാഗതവും അസിസ്റ്റൻസ് സെക്രട്ടറി വി പി രാജീവൻ നന്ദിയും പറഞ്ഞു.

date