Skip to main content

ഇംഗ്ലീഷ് പഠനം ഇനി ലളിതം : ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി ഗ്രാമോത്സവത്തിന് തുടക്കമായി

 

ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിന്  ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ  ഗ്രാമോത്സവത്തിന് തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.  കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പ്രത്യേക വിദ്യാഭ്യാസ പരിപാടിയാണ് ബാക്ക്അപ്പ്. 

മംഗലാപുരം സെൻ്റ് ആൻസ് കോളേജിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 30 അംഗ ടീമിനൊപ്പം മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ക്ലാസ് മുറികളിലും സാമൂഹ്യ വേദികളിലും ഇടപഴുകി പെരുമാറാൻ അവസരം നൽകുന്നതാണ് ഇംഗ്ലീഷ് ഗ്രാമോത്സവം.

മണ്ഡലത്തിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ അതിഥികളോടൊപ്പം സ്ഥിരമായി ഗ്രാമോത്സവത്തൽ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും ഉത്സവവേദികളായ മൂന്ന് സ്കൂളുകളിൽ നിന്നും 50 വീതം അമ്മമാരും ഉൾപ്പെടെ 300 പേർ ഓരോ ദിവസവും ഉത്സവ പരിപാടികളിൽ പങ്കാളികളായിരിക്കും.

ജനുവരി 27 ന് കിനാലൂർ ജി.യു.പി സ്കൂളും, 28 ന് കോട്ടൂർ എ.യു.പി സ്‌കൂളും ഗ്രാമോത്സവത്തിൻ്റെ വേദികൾ ആവും. എം.എൽ.എയുടെ 'ബാക്ക്അപ്പ് എക്സലൻസ് അവാർഡ്' പ്രോഗ്രാമിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പ്രത്യേക പരിപാടികൾ തയ്യാറാക്കി സമർപ്പിച്ച സ്‌കൂളുകളെയാണ് ഗ്രാമോത്സവം വേദികളായി തെരെഞ്ഞെടുത്തിട്ടുള്ളത്.

ഇത്തവണ ഗ്രാമോത്സത്തിൽ പങ്കാളികളാകുന്ന അധ്യാപരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അനുഭവം പ്രയോജനപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ഗ്രാമോത്സവം മറ്റു സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ബാക്ക്അപ്പ് പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ട്.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ, മണ്ഡലം വികസനമിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, മുൻ എസ്.സി.ആർ.ടി അംഗം ആർ.ഭാസ്കരൻ നായർ,  ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ളീഷ്  അധ്യാപകൻ എൻ.കെ.ബാലൻ മാസ്റ്റർ, എൽട്ടിഫ് ഫാക്കൽട്ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

date