Skip to main content

ഭരണഘടനാ മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടം: മന്ത്രി മുഹമ്മദ്‌ റിയാസ്

 

"ഗാന്ധി എന്ന പക്ഷിയുടെ ചിറകൊച്ചകൾക്ക് വീണ്ടും വീണ്ടും കാതോർക്കേണ്ട കാലം"

ഭരണഘടനാ മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. "ഭരണഘടനയുടെ ലക്ഷ്യം അതിന്റെ ആമുഖത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിത്. ഏഴര പതിറ്റാണ്ട് പാരമ്പര്യമുള്ള ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇന്ത്യയെ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. അവ രാജ്യത്തിന്റെ ജീവവായുവാണ്.  രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളാണ് നമ്മുടെ കരുത്ത്. ഭരണഘടനാ അവകാശങ്ങൾ നേടിത്തരാൻ ജീവൻ ബലിയർപ്പിച്ചവരെ നമുക്ക് ആദരവോടെ ഓർക്കാം," 75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തിയശേഷം നൽകിയ റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ ആമുഖം വായിച്ച മന്ത്രി ആമുഖത്തേക്കുറിച്ച് ഭരണഘടനാ ശിൽപ്പി ഡോ അംബേദ്കർ പറഞ്ഞത് ഓർമിപ്പിച്ചു.  "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല. സമത്വം ഇല്ലായിരുന്നെങ്കിൽ അനേകരുടെ മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കുന്നതായി മാറുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യം," അംബേദ്കറെ ഉദ്ധരിച്ചു മന്ത്രി ചൂണ്ടിക്കാട്ടി.

"മഹാത്മാഗാന്ധി നിത്യതയിൽ ഉറങ്ങുന്ന രാജ്‌ഘട്ടിലെ കെടാദീപമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ഗാന്ധി എന്ന പക്ഷിയുടെ ചിറകൊച്ചകൾക്ക് വീണ്ടും വീണ്ടും കാതോർക്കേണ്ട കാലമാണിത്, " എന്ന് ഓർമിപ്പിച്ച മന്ത്രി മുഹമ്മദ്‌ റിയാസ് കവി വി മധുസൂദനൻ നായരുടെ 'ഗാന്ധി' കവിതയിലെ വരികളും ഉദ്ധരിച്ചു. 

നേരത്തെ വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച മന്ത്രി 28 പ്ലറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് റൂറൽ എ.എസ്.പി അങ്കിത് സിംഗ് പരേഡ് കമാൻഡറും കോഴിക്കോട് സിറ്റി ഹെഡ്ക്വാർട്ടേഴ്‌സ് സബ് ഇൻസ്‌പെക്ടർ മുരളീധരൻ പി സെക്കന്റ്‌ പരേഡ് കമാൻഡറുമായിരുന്നു.

മേയർ ബീന ഫിലിപ്പ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, എം കെ രാഘവൻ എം.പി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

date