Skip to main content

റോഡ് കുഴിക്കല്‍; വകുപ്പുതല ഏകോപനം അനിവാര്യം -ജില്ലാ വികസനസമിതി

കുടിവെള്ള പദ്ധതികളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും അറ്റകുറ്റപണി നടത്തുന്നതും സംബന്ധിച്ച് പൊതുമരാമത്ത്-ജലവിഭവ വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം. എം വിജിന്‍ എംഎല്‍എയാണ് ഇക്കാര്യം ഉന്നയിച്ചത്. റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും അറ്റകുറ്റപണി അനന്തമായി നീളുന്നതും പൊതുജനങ്ങള്‍ക്ക് പ്രശ്‌നമാവുന്നതായി  എം വിജിന്‍ എംഎല്‍എ പറഞ്ഞു. കല്യാശ്ശേരി മണ്ഡലത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 99 ശതമാനം പൂര്‍ത്തിയായതായും റെയില്‍വേ, നാഷണല്‍ ഹൈവേ വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ ബാക്കി ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും എം വിജിന്‍  എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അതത് വിഭാഗങ്ങളില്‍ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ അറ്റകുറ്റപ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. 1.85 കോടി രൂപ ചെലവില്‍ 95 ശതമാനം പ്രവൃത്തി പൂര്‍ത്തിയായ പഴയങ്ങാടി പുഴയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റിന്റെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കണമെന്നും അതുവരെയുള്ള   പരിപാലനം ടൂറിസം വകുപ്പോ ഡിടിപിസിയോ ഏറ്റെടുക്കണമെന്നും എം വിജിന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കേളകം-അടക്കാത്തോട് രണ്ടു പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തി വര്‍ഷങ്ങളായി പാതിവഴിയിലാണെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നീണ്ടുപോയതാണെന്നും ഈയാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വേഗത്തില്‍ നടത്താന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാട്യം പഞ്ചായത്തിലെ അമ്മാപറമ്പ് കോളനിയില്‍ ഹാബിറ്റാറ്റ് മുഖേന നടപ്പാക്കുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതികളുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഹാബിറ്റാറ്റ് പ്രതിനിധി യോഗത്തെ അറിയിച്ചു.
കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിന്റെ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലനാട് മലബാര്‍ റിവര്‍ ക്രൂയിസം ടൂറിസം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച് ഡിടിപിസിയെ താല്‍കാലികമായി ഏല്‍പ്പിച്ച 15 ബോട്ട് ജെട്ടികളുടെ നടത്തിപ്പിനായുള്ള ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ നടത്തിപ്പ്  കാലാവധി കുറഞ്ഞതിനാല്‍ ആരും തയ്യാറാകുന്നില്ല. മൂന്ന് വര്‍ഷത്തേക്ക് നടത്തിപ്പ് കാലാവധി കണക്കാക്കി  റീടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗീ സൗഹൃദ വായനശാല സ്ഥാപിക്കുന്നതിന് എല്ലാ കീഴ്ഘടക സ്ഥാപനങ്ങള്‍ക്കും തുടര്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കാരുണ്യ സുരക്ഷ പദ്ധതി പോലുള്ള വിവിധ ആരോഗ്യ പദ്ധതികളില്‍ നിന്നു ജില്ലയിലെ വിവിധ ആശുപത്രികള്‍ക്ക് പണം ലഭിക്കാത്തതിനാല്‍ ദൈനം ദിന പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും പരിഹരിക്കണമെന്നും കെ മുരളീധരന്‍ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയരക്ടറേറ്റ് മുഖേന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് അറിയിപ്പ് നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

എംഎല്‍എ എഡിഎസ് ഫണ്ടില്‍ നിന്നു പണം അനുവദിച്ചിട്ടും സ്‌കൂളുകള്‍ക്ക് ബസ് വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് സജീവ് ജോസഫ് എംഎല്‍എയുടെ പ്രതിനിധി, എം വിജിന്‍ എംഎല്‍എ എന്നിവര്‍ അറിയിച്ചു. ജെം പോര്‍ട്ടലില്‍ ഇത് സംബന്ധിച്ച മാറ്റം വരുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഫണ്ടിന്റെ അപര്യാപ്തതയാണെങ്കില്‍ അതു വര്‍ധിപ്പിക്കാന്‍ തയാറാണെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, എം വിജിന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.

date