Skip to main content

നവകേരള സദസ്സിൽ നിവേദനം : തുരുത്തി തോടിൽ റെഗുലേറ്റർ കം ഷട്ടർ വരുന്നു

 

1.20 കോടി രൂപയുടെ എസ്റ്റിമേറ്റ്

 ആലുവ മണ്ഡലത്തിലെ ഇടയപ്പുറം ആലുവ ഈസ്റ്റ് ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറുന്നതിന് കാരണമായ തുരുത്തി തോടിൽ റെഗുലേറ്റർ കം ഷട്ടർ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. ആലുവ മണ്ഡലത്തിലെ നവകേരള സദസ്സിൽ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി 1.20 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എറണാകുളം മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ചു കഴിഞ്ഞു. അംഗീകാരം ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ ആരംഭിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

 പെരിയാറിൽ വെള്ളം ഉയരുന്നതിനനുസരിച്ച് തുരുത്തി തോടിലൂടെ വെള്ളം എത്തി തരിശായി കിടക്കുന്ന പാടങ്ങളിലും സമീപപ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതുമൂലം സമീപത്തെ ഇരുന്നൂറിൽ അധികം  വീടുകൾ സ്ഥിരം വെള്ളപ്പൊക്ക ഭീഷണി നേരിട്ട് എല്ലാവർഷവും വീട് ഒഴിയേണ്ട സാഹചര്യത്തിലാണ്. ഇതിന് പരിഹാരമായി റെഗുലേറ്റർ കം ഷട്ടർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ വീട്ടുകാർ ഒപ്പിട്ട നിവേദനം ഡിസംബർ ഏഴിന് ആലുവയിൽ നടന്ന നവ കേരള സദസ്സിൽ സമർപ്പിച്ചിരുന്നു. 

 പെരിയാറിൽ നിന്ന് തോട് ആരംഭിക്കുന്ന ഭാഗത്താണ് റെഗുലേറ്റർ കം ഷട്ടർ നിർമിക്കുക. ഇതുവഴി തോട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നത് പ്രതിരോധിക്കാൻ സാധിക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ  പ്രദേശവാസികളുടെ നിരവധി കാലമായുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകും.

date