Skip to main content

പാലിയേറ്റീവ് പരിചരണത്തിന്  സന്നദ്ധപ്രവർത്തകരെ ക്ഷണിക്കുന്നു 

 

എല്ലാ കിടപ്പിലായ രോഗികൾക്കും പരിചരണത്തിന് സന്നദ്ധ പ്രവർത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ, താത്പര്യമുള്ള പുതിയ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തുന്നതിനുള്ള ഒരു സംസ്ഥാനതല ക്യാമ്പയിൻ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിൻറെ നേതൃത്വത്തിൽ ആരംഭിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സന്നദ്ധപ്രവർത്തകരെ കണ്ടെത്തി, അവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി അവരെ സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്.  

സംസ്ഥാന സർക്കാർ പുറത്തിറക്കിയ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ എല്ലാ കിടപ്പിലായ രോഗികളുടേയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തകന്റെ സജീവ സാന്നിദ്ധ്യം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയേയും ശ്രദ്ധിക്കുവാൻ കുടുംബത്തിനു പുറത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകൻ ഉണ്ടാകുന്നത് രോഗികളുടെ പരിചരണം വലിയ രീതിയിൽ മെച്ചപ്പെടുത്തും. ഓരോ വാർഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവർത്തകരും വാർഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കൽ ഒത്തു ചേർന്ന് പ്രവർത്തനം വിലയിരുത്തും.

ഇതിനു വേണ്ടി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകർ ആവശ്യമാണ്. അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാൻ ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സാധിക്കുന്നവരും സാന്ത്വന പരിചരണത്തിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റിൽ (https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റർ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കേണ്ടതാണ്. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് നൽകി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധിപ്പിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് - 7736205554 എന്ന നമ്പറിൽ ബന്ധപ്പെടുക.

date