Skip to main content

മുളിയാറില്‍ വരുന്നത് രാജ്യാന്തര നിലവാരത്തിലുള്ള  പുനരധിവാസ കേന്ദ്രം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് ജില്ലയിലെ മുളിയാറില്‍ വരുന്നത് രാജ്യാന്തര നിലവാരത്തില്‍ പ്രകൃതിക്ക് ഇണങ്ങുന്നതരത്തിലുളള പുനരധിവാസ കേന്ദ്രം. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കളക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അവതരിപ്പിച്ചു.
    ദേശീയ-അന്തര്‍ദേശീയമായ പുനരധിവാസ കേന്ദ്രങ്ങളെ മാതൃകയാക്കിയാണ് മുളിയാറിലെ പുനരധിവാസ കേന്ദ്രം വിഭാവന ചെയ്തിരിക്കുന്നത്. 25 ഏക്കറിലുള്ള പദ്ധതി പ്രദേശം രണ്ടുഭാഗമായാണു സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗം 11 ഏക്കറും മറ്റൊരു ഭാഗം 14 ഏക്കറുമാണ്. ഇടയില്‍ ഒരു റോഡ് കടന്നുപോകുന്നതിനാലാണ് രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നത്.  ആകെ സ്ഥലത്തിന്റെ 40 ശതമാനം സ്ഥലമാണ് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെങ്കിലും 90 ശതമാനം പ്രദേശവും പച്ചപ്പ് നിലനിര്‍ത്തി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പുനരധിവാസ കേന്ദ്രത്തിന്റെ രൂപരേഖ. പദ്ധതി പ്രദേശത്തുനിന്നു തന്നെ ലഭിക്കുന്ന ചെങ്കല്ല് ഉപയോഗിച്ചാകും കെട്ടിട നിര്‍മ്മാണം. ക്ലിനിക്കോ ആശുപത്രിയോ പോലെ തോന്നാത്ത രീതിയില്‍ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമാകും ഇവിടെ അനുഭവപ്പെടുക. 
    പുനരധിവാസ കേന്ദ്രത്തെ അഞ്ച് കാറ്റഗറികളായി തിരിച്ചാകും ദുരിതബാധിതരെ പരിചരിച്ചു താമസിപ്പിക്കുന്നത്. ആദ്യകാറ്റഗറിയില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെ സ്വയം പര്യാപ്തമാക്കുന്ന തരത്തിലുള്ള ഫോസ്റ്ററിംഗ് യുണിറ്റാകും. രണ്ടാമത്തേത് 18 വയസിന് മുകളിലുള്ള ദുരിതബാധിതരായ ഭിന്നശേഷിക്കാരായിട്ടുള്ളവര്‍ക്കുള്ള അസിസ്റ്റന്റ് ലിവിംഗ് സെന്ററുകളാണ്. നാലോ അഞ്ചോ പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് അസിസ്റ്റന്റ് ലിവിംഗ് സെന്ററുകള്‍ ഒരുക്കുന്നത്. അസിസ്റ്റന്റ് ലിവിംഗ് സെന്ററുകളില്‍ താമസിക്കുവാന്‍ പര്യാപ്തമാക്കുന്നതിനുള്ള ഹാഫ് വേ ഹോം ആണ് മൂന്നാമതായി വരുന്നത്. പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്ക് വേണ്ടിയുള്ള ഹൈ ഡിപെന്‍ഡന്‍സി  സെന്ററുകളാണ് അടുത്തത്. അവസാന കാറ്റഗറിയാണ് ഷോര്‍ട്ട് സ്‌റ്റേ സെന്ററുകള്‍. കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് അടിയന്തരമായ പുറത്തുപോകണമെങ്കില്‍ കിടപ്പിലായവരെ പരിചരിക്കുന്ന കേന്ദ്രമാണ് ഷോര്‍ട്ട് സ്‌റ്റേ സെന്റര്‍. തീര്‍ത്തും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പുനരധിവാസകേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. പൂന്തോട്ടവും കൃഷിയിടങ്ങളും നിര്‍മ്മാണ യുണിറ്റുകളും റിസര്‍ച്ച് സെന്റുകളും ഉള്‍പ്പെടുന്നതാവും മുളിയാറിലെ പുനരധിവാസ കേന്ദ്രം. 
    വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 15നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുവാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗികരിച്ചാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.
ഫോട്ടോ ലഭിച്ചാല്‍ വാട്ട്‌സ് ആപ്പില്‍ അയക്കാം. 

date