Skip to main content
സമേതം നാട്ടുപ്പൊലിമ  കൊടിയേറി

സമേതം നാട്ടുപ്പൊലിമ  കൊടിയേറി

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള നാട്ടുപ്പൊലിമക്ക്  കൊടിയേറി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് കൊടിയുയർത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം സുഗത ശശിധരൻ, ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ്, സമേതം അസി കോർഡിനേറ്റർ വി. മനോജ്‌, നാട്ടുപൊലിമ കോർഡിനേറ്റർ പി.കെ മോഹനൻ, ജനറൽ കൺവീനർ എം.എസ് ലെനിൻ, കളരിപ്പറമ്പ് ഗ്രാമീണ വായനശാല സെക്രട്ടറി എം.എസ് ദിലീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊടിയേറ്റത്തിന് മുൻപായി പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ഘോഷയാത്രയും നടന്നു. തുടർന്ന്  കണ്ണൂർ പയ്യന്നൂർ ശിവദാസ്പണിക്കർ, വിനോദ് പണിക്കർ, കിരൺ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ തെയ്യം അരങ്ങേറി.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള നാടൻ കലാശില്പശാലക്ക് മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാലയാണ് ആതിഥേയത്വം വഹിക്കുന്നത്. കളരിപ്പറമ്പ് യു.പി സ്കൂൾ അങ്കണമാണ് വേദി.

12 ഉപജില്ലകളിലെയും കലോത്സവങ്ങളിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്ത് ഏറ്റവും ഉയർന്ന സ്കോർ നേടിയ 120 ഓളം കുട്ടികളാണ് നാട്ടുപ്പൊലിമ നാടൻ കലാ ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.
ഫെബ്രുവരി 3ന് (ശനി) രാവിലെ 
9.30ന് ശില്പശാലയുടെ ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും. മതിലകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത് ബഷീർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം സുഗത ശശിധരൻ, മതിലകം ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമതി സുന്ദരൻ, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി.കെ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് രമേഷ് കരിന്തലക്കൂട്ടം, ഡോ. ടി.പി രഞ്ജിത്ത്, അനീഷ് മണ്ണാർക്കാട് തുടങ്ങിയവരുടെ സോദാഹരണ ക്ലാസുകൾ നടക്കും. വൈകുന്നേരം 7 മണിക്ക് മണ്ണാർക്കാട് ഒറ്റ നാടൻ കലാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒറ്റക്കോലം അരങ്ങേറും.

ഞായറാഴ്ച രാവിലെ കൊടുങ്ങല്ലൂർ നാഗക്ഷേത്രത്തിലെ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പുള്ളുവൻ പാട്ട് സ്വരാജ് കുഴുരും സംഘവും അവതരിപ്പിക്കുന്ന വട്ടമുടിപ്പാട്ടും ഗിരീഷ് മുരിയാടും സംഘവും അവതരിപ്പിക്കുന്ന നന്തുണിപ്പാട്ടും അരങ്ങേറും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മതിലകം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ഗിരിജ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലതാ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എസ് ജയ തുടങ്ങിയവർ പങ്കെടുക്കും. നടനും ഗായകനുമായ വിനോദ് കെടാമംഗലം സമ്മാനങ്ങൾ വിതരണം ചെയ്യും.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ മുൻകൈയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ഒന്നാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി.16 ൽ അധികം ഉപപദ്ധതികളാണ് സമേതത്തിന്റെ ഭാഗമായി ജില്ലയിലാകെ നടക്കുന്നത്.

date