Skip to main content

തഴക്കര ഗ്രാമപഞ്ചായത്തിന് 45.05 കോടിയുടെ  വാർഷിക ബജറ്റ് 

ആലപ്പുഴ : തഴക്കര ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീബ സതീഷ് അദ്ധ്യക്ഷത വഹിച്ചു. 45,88,36082 രൂപ വരവും 45,05,38283 രൂപ ചെലവും 8297799 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2024-25 ലെ ബജറ്റ്. സേവന മേഖലയ്ക്ക് ഊന്നൽ നല്കി കൊണ്ട് 18 കോടി 57 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.  
ഉത്പ്പാദന മേഖലയിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നല്കി 1 കോടി 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് . മൃഗസംരക്ഷണം , ക്ഷീര വികസന മേഖലകളിൽ  2 കോടി 99 ലക്ഷം രൂപയും പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകരണത്തിനായി 3 കോടി 70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിനായി 1 കോടി 17 ലക്ഷം രൂപ , ലൈഫ് ഭവന നിർമ്മാണ പുനരുദ്ധാന മേഖലയിൽ ഹഡ്കോ വായ്പ അടക്കം 8 കോടി 60 ലക്ഷം രൂപ ,പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1 കോടി 55 ലക്ഷം രൂപയും ബജറ്റിൽ  വകയിരുത്തി.  

വൃദ്ധർ,ഭിന്നശേഷി, അതിദരിദ്രരുടെ പുനരധിവാസം എന്നീ പദ്ധതികൾക്കായി 66 ലക്ഷം രൂപയും, ആരോഗ്യ മേഖലയിൽ 1 കോടിയിലധികം തുക വകയിരുത്തികൊണ്ട് അർബുദ- ഡയാലിസിസ് രോഗബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ  ബജറ്റിൽ പ്രത്യേകം പരിഗണനയും  നൽകി. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്കായി 1 കോടി രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1 കോടി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യ - കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്മാർട്ട് ആന്റ് ഹെൽത്ത് കിഡ്സ് പദ്ധതി, ഹാപ്പിനസ് പാർക്ക്, ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്, മാലിന്യ നിർമാർജനത്തിനായി  ശുചിത്വ ഗേഹം പദ്ധതി, എല്ലായിടത്തും വെളിച്ചം എത്തുന്നതിനായി ഗ്രാമ നിലാവ് എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകിയിട്ടുള്ളതാണ് തഴക്കര ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ ബഡ്ജറ്റ.്

date