Skip to main content
തരിശുരഹിത കേരളം പദ്ധതി ; പുന്നപ്ര തെക്ക് പഞ്ചായത്തില്‍ തുടക്കമായി 

തരിശുരഹിത കേരളം പദ്ധതി ; പുന്നപ്ര തെക്ക് പഞ്ചായത്തില്‍ തുടക്കമായി 

ആലപ്പുഴ: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് കിഴങ്ങുവര്‍ഗ്ഗ കിറ്റ്, കുറ്റികുരുമുളക്, ടിഷ്യു കള്‍ച്ചര്‍ വാഴ, റെഡ് ലേഡി പപ്പായ എന്നിവയുടെ വിതരണം നടത്തി.

600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിഴങ്ങുവര്‍ഗ്ഗ കിറ്റിനോടൊപ്പം പത്ത് കിലോ വേപ്പിന്‍ പിണ്ണാക്കും വിതരണം ചെയ്തു. സ്ഥലപരിമിതിയുള്ള കര്‍ഷകരെ ലക്ഷ്യം വെച്ച് അഞ്ച് കുറ്റികുരുമുളക് അടങ്ങുന്ന 510 യൂണിറ്റ് നല്‍കി. പഞ്ചായത്തിലെ 728 കര്‍ഷകര്‍ക്ക് 4.5 ഹെക്ടര്‍ തരിശു സ്ഥലത്തേക്കാവശ്യമായ ടിഷ്യൂ കള്‍ച്ചര്‍ വാഴ, 2.5 ഹെക്ടര്‍ തരിശു സ്ഥലത്തേക്കുള്ള റെഡ് ലേഡി പപ്പായ എന്നിവയുടെ തൈകളും വിതരണം ചെയ്തു.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി. ആന്റണി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ബിജുമോന്‍, കൃഷി ഓഫീസര്‍ നീരജ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ 1838 കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു.
 

date