Skip to main content

ആർപ്പോ: സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോർജ്

*സ്ത്രീകൾക്ക് ഒത്തുകൂടാനൊരു ഇടം

വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ 'ആർപ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തുംസ്ത്രീകൾക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കാരണം പുറത്തേക്ക് പറയാൻ കഴിയാത്ത ഒരുപാട് ആശയങ്ങൾ ഉണ്ടാകാം. പുറത്ത് പറയാൻ കഴിയാത്ത കാര്യങ്ങളോ ആശയമോ ഭരണകൂടങ്ങളെ അറിയിക്കേണ്ട അഭിപ്രായമോ ആകട്ടെ. അതെല്ലാം പങ്കുവയ്ക്കാനാകും. ഇതൊരു സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് ഒത്തുകൂടാനും ഉല്ലസിക്കുവാനുമായി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജെൻഡർ പാർക്കിൽ വെച്ച് തന്നെ ഈ പരിപാടി ഉണ്ടായിരിക്കും. കലാ-സാഹിത്യംശാസ്ത്രംരാഷ്ട്രീയംസാമൂഹികംസാമ്പത്തികം എന്ന് തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യാവുന്നതാണ്. നവകേരളം എന്നത് സ്ത്രീപക്ഷ നിലപാടുകൾക്കും ചിന്തകൾക്കും പ്രാധാന്യം കൽപ്പിക്കുന്നതായിരിക്കണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്.554/2024

date