Skip to main content

ആവേശമായി ബാലപാര്‍ലമെന്റ്

ആലപ്പുഴ: പ്രസക്തമായ ഉശിരന്‍ ചോദ്യങ്ങളും അതിനൊത്ത മറുപടിയും 
അടിയന്തര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടുമെല്ലാമായതോടെ യഥാര്‍ഥ പാര്‍ലമെന്റിനോട് കിടപിടിക്കുന്ന പ്രകടനമായി  ബാല പാര്‍ലമെന്റില്‍ അരങ്ങേറിയത്.
ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ നടന്ന ബാല പാര്‍ലമെന്റിലാണ്  യഥാർഥ പാർലമെൻ്റിനോട് കിടപിടിക്കുന്ന രംഗങ്ങൾ കുട്ടികൾ കാഴ്ച വച്ചത്. ശിശുമരണം, ശൈശവ വിവാഹം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികള്‍ ഉയര്‍ത്തിയത്. ഒന്നര മണിക്കൂര്‍ ബാല പാര്‍ലമെന്റില്‍ യു.പി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ 250 കുട്ടികള്‍ പങ്കെടുത്തു. തെരഞ്ഞെടുത്ത 30 കുട്ടികള്‍ പാര്‍ലമെന്റ് നയിച്ചു. ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങള്‍, അടിസ്ഥാന തത്വങ്ങള്‍ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയാണ് പരിപാടി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

മുഹമ്മദ് സഫ്വാന്‍ പ്രധാനമന്ത്രിയും ശിവാനി ബി. നായര്‍ സ്പീക്കറും അനന്യ ചിത്ര ഡെപ്യൂട്ടി സ്പീക്കറുമായി. ഉശിരന്‍ ചോദ്യങ്ങള്‍ കൊണ്ട് പ്രതിപക്ഷനേതാവായ അശ്വിന്‍ എ.ബി ബാല പാര്‍ലമെന്റിലെ ശ്രദ്ധാകേന്ദ്രമായി മാറി. 
അനാമിക ആര്‍.പിള്ള പ്രസിഡന്റായും എ.അര്‍ജുന്‍ വൈസ് പ്രസിഡന്റായും എത്തി. 
മാലിക് സദാ കൃഷി വകുപ്പ് മന്ത്രിയായും പി.എസ് പിന്റു ആഭ്യന്തരവകുപ്പ് മന്ത്രിയായും ആര്‍ച്ച സുഗേഷ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായും, നിവേദ്യ ലാല്‍ പരിസ്ഥിതി വകുപ്പ് മന്ത്രിയായും എത്തി. സൈറ എന്‍ ബാബു  ആരോഗ്യവകുപ്പ് മന്ത്രിയായപ്പോള്‍ എമി റോസ് ബ്രിട്ടോ കായിക വകുപ്പ് മന്ത്രിയായി. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി അരുന്ധതി ആര്‍. നായരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ആന്‍മേരി ബ്രിട്ടോയും തിളങ്ങി.
എ.എം ആരിഫ് എം.പി ബാല പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഭിറാം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ കായിക മേളയില്‍ മെഡല്‍ നേടിയ അഭിരാമിയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ ആദരിച്ചു. സംസ്ഥാന ജയില്‍ ഉപദേശക സമിതി അംഗം 
എ. മഹേന്ദ്രന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നക്കല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മിനിമോള്‍, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പന്‍, ജോയിന്റ് സെക്രട്ടറി കെ.നാസര്‍, വര്‍ഷ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date