Skip to main content

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള പരിമിതിയില്ലാത്ത ഉല്ലാസ വേദിയായി 'തിളക്കം'

പരിമിതികളേയും വേദനകളെയും മറന്ന് കാണികളെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി കലാമേള 'തിളക്കം'. ഹൃദയ സ്പര്‍ശിയായ അവതരണവും ആരോഗ്യകരമായ മത്സരങ്ങളും കാഴ്ചവെച്ച് അവര്‍ നിറഞ്ഞ സദസ്സിന്റെ സ്‌നേഹനിര്‍ഭരമായ കയ്യടികളേറ്റുവാങ്ങി. സീനിയര്‍ വിഭാഗത്തിന്റെ കസേരകളിയോടെയാണ് കലാമേള ആരംഭിച്ചത്. പരിഭ്രമമില്ലാതെ ആവേശപൂര്‍വ്വം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരച്ചു. കാണികളുടെ പ്രോത്സാഹനവുമായതോടെ കലാമേളയില്‍ ഉത്സവാന്തരീക്ഷമായി.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസികോല്ലാസത്തിനായി കലാമേള സംഘടിപ്പിച്ചത്. കണ്ണപുരം ചുണ്ട ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു.
നാടോടി നൃത്തം, പ്രച്ഛന്ന വേഷം, കവിതാലാപനം, ചിത്ര രചന, മാപ്പിളപ്പാട്ട്, സംഘനൃത്തം തുടങ്ങി 14 ഓളം മത്സര ഇനങ്ങളാണ് ഉണ്ടായത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍ നടന്ന കലാമത്സര വിജയികളായ 80 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഇബ്രാഹിം കുട്ടി ഹാജി, കണ്ണപുരം ഗ്രാമ പഞ്ചായത്തംഗം ഒ വി വിജയന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാര്‍, അഡീഷണല്‍ സി ഡി പി ഒ ഷാഹിന, സി ഡി എസ് ചെയര്‍പേഴ്സണ്‍ സുനില, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സന്ധ്യ, സന്തോഷ് സി ബി കെ, വി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

date